Friday, 3 June 2022

വിദ്യാനഗര്‍ മുതല്‍ നായന്മാര്‍മൂല വരെ ഫ്‌ളൈ ഓവര്‍ വേണം: ജനകീയ കൂട്ടായ്മ ഇന്ന്


കാസര്‍കോട് (www.evisionnews.in): ദേശീയ പാതയില്‍ തലപ്പാടി- ചെങ്കള റീച്ചിലെ തിരക്കേറിയ മേഖലയായ വിദ്യാനഗര്‍ മുതല്‍ നായന്മാര്‍മൂല പാണലം ജംഗ്ഷന്‍ വരെ മേല്‍പ്പാലം വേണമെന്ന ആവശ്യം ശക്തമാവുന്നു. സിവില്‍ സ്റ്റേഷന്‍, കലക്റ്ററേറ്റ്, കോടതി, നിരവധി സ്‌കൂളുകള്‍, സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ തുടങ്ങി വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ ദേശീയ പാതയുടെ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന മേഖലയാണിത്.

കാസര്‍കോട് ഗവ. കോളജ് മുതല്‍ നായന്മാര്‍മൂല വരെ ദൂരപരിധിക്കുള്ളില്‍ പതിനാറോളം ചെറുതും വലുതുമായ റോഡുകള്‍ കടന്നുപോവുന്നു. ഇതില്‍ ഒരു ബൈപ്പാസ് റോഡുള്‍പ്പടെ മൂന്നോളം റോഡുകള്‍ തിരക്കേറിയതാണ്. വിദ്യാനഗറില്‍ നിന്ന് ഉളിയത്തടുക്ക വഴി മധൂരിലേക്കും സീതാംഗോളിയിലേക്കും പോവുന്ന റോഡ് ദേശീയ പാതയിലെ തന്നെ ഏറ്റവും തിരക്കേറിയ റോഡാണ്. പെരുമ്പളക്കടവില്‍ നിന്നും തുടങ്ങി എരപ്പക്കട്ട വരെ നീളുന്ന എംഎല്‍എ റോഡ് നായന്മാര്‍മൂലയില്‍ ദേശീയ പാത മുറിച്ചുകടന്നാണ് കടന്നുപോവുന്നത്. നായന്മാര്‍മൂലയില്‍ നിന്ന് പെരുമ്പളക്കടവ് വഴി കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിലേക്കും ആലംപാടി വഴി മാന്യ, നീര്‍ച്ചാല്‍, ബദിയടുക്ക, കുമ്പളയിലേക്കും എളുപ്പം എത്തിച്ചേരാന്‍ കഴിയുന്നതാണ് ഈ റോഡ്. മോട്ടോര്‍ സര്‍വെ പ്രകാരം ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ജംഗ്ഷനുകളും ഈ ദൂരപരിധിയിലുണ്ട്.

വിദ്യനഗര്‍ ഗവ. കോളജ് പരിസരം മുതല്‍ നായന്മാര്‍മൂല അര്‍പ്പിത ജംഗ്ഷന്‍ വരെ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാകണമെങ്കില്‍ ഫില്ലറോടു കൂടിയ ഫ്‌ളൈ ഓവര്‍ തന്നെയാണ് പോംവഴി. നിലവില്‍ ഈ മേഖലയില്‍ വിദ്യാനഗര്‍ ജംഗ്ഷനിലും ബിസി റോഡിലും വലുതും ചെറുതുമായ രണ്ട് അണ്ടര്‍ പാസേജുകള്‍ നിര്‍ദിഷ്ട പ്ലാനിലുണ്ട്. എന്നാല്‍ തിരക്കേറിയ മേഖലയില്‍ ഇതു കൊണ്ട് ജനങ്ങള്‍ക്ക് ഈ മേഖലയിലെ യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ല. മേല്‍പ്പാലം നിര്‍മിച്ച് നിലവിലെ റോഡ് ഏറെക്കുറെ തല്‍സ്ഥിതിയില്‍ നിലനിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തലപ്പാടി- ചെങ്കള റീച്ചിലെ തിരക്കേറിയ മേഖലയായ വിദ്യാനഗര്‍ മുതല്‍ നായന്മാര്‍മൂല പാണലം ജംഗ്ഷന്‍ വരെ മേല്‍പ്പാലം വേണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വൈകിട്ട് നാലന് നായന്മാര്‍മൂലയില്‍ മാമ്മച്ചി ട്രേഡിംഗ് സെന്ററില്‍ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് എന്‍എച്ച്- 66 നായന്മാര്‍മൂല ആക്ഷന്‍ കമ്മിറ്റി ഭാരാവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ നാഷണല്‍ ഹൈവെ പ്രോജക്ട്റ്റ് ഡയറക്ര്‍, കലക്റ്റര്‍, ജനപ്രതിനിധികള്‍ എന്നിവരെ നേരിട്ട് ബോധ്യപ്പെടുത്തിയതാണ്. നിലവിലെ എസ്റ്റിമേറ്റില്‍ മാറ്റം വരുത്തുകയും നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ തല്‍കാലം നിര്‍ത്തിവെക്കണമെന്നാണ് ആവശ്യമെന്നും ഇതുമായി രാഷ്ട്രീയ ഭേദമന്യേ പ്രക്ഷോഭം ശക്തമാക്കുമെന്നും ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ഖാദര്‍ പാലോത്ത്, വൈസ് ചെയര്‍മാന്‍മാരായ എന്‍.യു അബ്ദുല്‍ സലാം, കെഎച്ച് മുഹമ്മദ്, പിബി അബ്ദുല്‍ സലാം, ജോ കണ്‍വീനര്‍ ബഷീര്‍ കടവത്ത്, വ്യാപാരി നേതാവ് എന്‍എം ഇബ്രാഹിം പങ്കെടുത്തു.

Related Posts

വിദ്യാനഗര്‍ മുതല്‍ നായന്മാര്‍മൂല വരെ ഫ്‌ളൈ ഓവര്‍ വേണം: ജനകീയ കൂട്ടായ്മ ഇന്ന്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.