Tuesday, 11 January 2022

കാസര്‍കോടിന്റെ സമരങ്ങള്‍ അടയാളപ്പെടുത്തിയ ഒപ്പുമരം ഇനി ഓര്‍മയാവുന്നു


കാസര്‍കോട് (www.evisionnews.in): നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒപ്പുമരം ഇനി വിസ്മൃതിയിലേക്ക്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം ദേശീയ പാതയോരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഒപ്പുമരം നാലുവരി ദേശീയ പാത വികസനത്തിന്റെ ഭാഗമായി അടുത്ത ദിവസം മുറിച്ചുമാറ്റും. പരമ്പരാഗത സമര രീതികളെ അട്ടിമറിച്ച പ്രകൃതിയും ജീവജാലങ്ങളും അതിജീവനം ആവശ്യപ്പെട്ട ഒരു പുതിയ സമര രീതിയായിരുന്നു ഒപ്പുമരം.

കാസര്‍കോട്ട് ഒപ്പുമരമുയര്‍ന്നപ്പോള്‍ തലസ്ഥാന നഗരിയിലും കേരളത്തിലെ ഗ്രാമ നഗരാന്തരങ്ങളിലും പലയിടത്തായി വിഷ കീടനാശിനിക്കെതിരായി ഒപ്പുമരങ്ങള്‍ ഉയര്‍ന്നു. പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒരു ശരക്കൊന്ന വൃക്ഷമാണ് ഒപ്പുമരമായി മാറിയത്. 2011 ഏപ്രിലില്‍ നടന്ന സ്റ്റോക്ക് ഹോം കണ്‍വന്‍ഷനാണ് എന്‍ഡോസള്‍ഫാന്‍ രാജ്യാന്തര തലത്തില്‍ നിരോധിച്ചത്.നിരോധനം സാധ്യമാക്കാന്‍ കേരളത്തിലിരുന്ന് എന്തു ചെയ്യാമെന്ന ആലോചനയില്‍ നിന്നാണ് ഒപ്പുമരം എന്ന ആശയം ഉണ്ടാകുന്നത്. അതിജീവനത്തിന്റെ മരം എന്ന തരത്തിലാണ് പുതിയ ബസ് സ്റ്റാന്റില്‍ പണ്ടു സാമൂഹിക വിരുദ്ധര്‍ വിഷം കുത്തി വെച്ച് ഉണക്കാന്‍ ശ്രമിച്ച ശരക്കൊന്ന കളിലൊന്ന് ഒപ്പുമരമായി തിരഞ്ഞെടുത്തത്.

മരത്തില്‍ തുണി ചുറ്റി ഒപ്പുശേഖരിക്കാന്‍ തുടങ്ങി. രണ്ടാഴ്ച നീണ്ട ഒപ്പുമര സമരം ഒടുവില്‍ വിജയം കണ്ടു. 2011 ഏപ്രില്‍ 29ന് ആഗോളതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു.ഒപ്പുമരത്തില്‍ തൂക്കിയിട്ട തപാല്‍ പെട്ടിയില്‍ ജനങ്ങള്‍ ദുരിതങ്ങളും സങ്കടങ്ങളും എഴുതിയിട്ടുണ്ട്. കീടനാശിനിയുടെ പേരില്‍ സര്‍ക്കാരും മനുഷ്യാവകാശ കമ്മിഷനും തമ്മിലുണ്ടാക്കിയ കരാറനുസരിച്ചു പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നല്‍കേണ്ട തുകയുടെ ആദ്യ വിഹിതമായ 27 കോടി ലഭിക്കാത്തതില്‍ 2012 ല്‍ വീണ്ടും ഒപ്പുമരം ഉയര്‍ന്നു. സമരം വിജയിച്ചു. ആദ്യം 27 കോടിയും പിറകെ മറ്റൊരു 26 കോടിയും അനുവദിച്ചു കിട്ടി.

എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നീക്കാന്‍ 2017 വരെ നല്‍കിയിരുന്ന സമയം വെട്ടിക്കുറച്ചു വിഷം അടിയന്തിരമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മൂന്നാം ഒപ്പുമര സമരം 2013ല്‍ നടന്നത്. ആ വര്‍ഷം അവസാനിക്കുന്നതിനു മുമ്പേ ഇന്ത്യയില്‍ നിന്ന് എന്‍ഡോസള്‍ഫാന്‍ എത്രയും വേഗം പൂര്‍ണമായി ഒഴിവാക്കണമെന്നുള്ള വിധിയുമെത്തി.

2010 ല്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ച നഷ്ടപരിഹാരത്തിനു മുമ്പുള്ള ആശ്വാസധനം അഞ്ചു ലക്ഷം രൂപ വരെ കൊടുത്തു തീര്‍ക്കാനുള്ള സുപ്രീം കോടതി വിധി വന്നതിലും ഒപ്പുമരം പ്രധാന പങ്കുവഹിച്ചു.

പിന്നീട് ഒട്ടേറെ സമരങ്ങള്‍ ഒപ്പുമര ചുവട്ടില്‍ നടന്നു. ഗോവയില്‍ കൊല്ലപ്പെട്ട സഫിയ തിരോധന കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഫിയ ആക്ഷന്‍ കമ്മിറ്റി പന്തലിട്ട് നൂറു ദിവസം സമരം നടത്തി. സഫിയ കൊലപ്പെടുത്തി കുഴിച്ചു മൂടിയ വീട്ടുടമസ്ഥനെ അറസ്റ്റ് ചെയ്തതോടെ സമരം അവസാനിപ്പിച്ചു. ചെങ്കളയിലെ റൈഹാന തിരോധാന കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തിയ പ്രക്ഷോഭവും വിജയം കണ്ടു. ചെമ്പിരിക്ക ഖാസി സിഎം അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി 500 ദിവസം ഒപ്പുമരചുവട്ടില്‍ സത്യാഗ്രഹ സമരം നടത്തി. കോവിഡ് കാലത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സമരം നടത്തി.

കെല്‍- ഭെല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് എസ് ടി യു നേതൃത്വത്തില്‍ രണ്ടു മാസത്തോളം സമരം നടത്തി. കമ്പനി കേരള സര്‍ക്കാര്‍ ഏറ്റെടുത്തതോടെ സമരം അവസാനിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാള്‍

പീഡിത മുന്നണി നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ ഒപ്പുമരചുവട്ടില്‍ നടത്തിയിരുന്നു.

Related Posts

കാസര്‍കോടിന്റെ സമരങ്ങള്‍ അടയാളപ്പെടുത്തിയ ഒപ്പുമരം ഇനി ഓര്‍മയാവുന്നു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.