Type Here to Get Search Results !

Bottom Ad

യുഡിഎഫ് ജില്ലാ നേതൃ സമ്മേളനങ്ങള്‍ക്ക് കാസര്‍കോട്ട് തുടക്കം


കാസര്‍കോട് (www.evisionnews.in): ജില്ലകളിലെ തിരഞ്ഞെടുപ്പ് വിലയിരുത്താനും ഭാവി സമര പരിപാടികള്‍ തീരുമാനിക്കാനും യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം നടത്തുന്ന ജില്ലാ നേതൃസമ്മേളനങ്ങള്‍ക്ക് കാസര്‍കോട്ട് ഉജ്വല തുടക്കം. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുഡിഎഫ് കാസര്‍കോട് ജില്ലാ നേതൃ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.

യുഡിഎഫിനെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമായി മാറ്റുമെന്ന് വിഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് ഘടകകക്ഷികള്‍ എല്ലാം അവരവരുടെ സംഘടന ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനത്തിലാണ്. അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും കോണ്‍ഗ്രസ് നല്‍കുന്നു. വരുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ്, അതു കഴിഞ്ഞ് നിയമസഭ തിരഞ്ഞെടുപ്പ് വരുമ്പോഴെക്കും യുഡിഎഫിനെ കേരളത്തിലെ ഏറ്റവും വലിയ ശക്തിയായി മാറ്റും.എല്ലാ മതേതര ജനാധിപത്യ വിശ്വാസികളെയും യുഡിഎഫിന്റെ ഭാഗമാക്കും. വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്നവരുമായി ഒരു ബന്ധവും ഉണ്ടാകില്ല.

കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ജനദ്രോഹ ഭരണമാണ് നടത്തി കൊണ്ടിരിക്കുന്നത്. മോദി ഭരണത്തില്‍ രാജ്യം ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്. സാമ്പത്തിക മാന്ദ്യം, നോട്ട് നിരോധനം, ജിഎസ്ടി, കാര്‍ഷിക മേഖലയിലെ തകര്‍ച്ച എന്നിവ ജനജീവിതത്തെ താറുമാറാക്കി. പ്രധാനമന്ത്രിയുടെ സുഹൃത്തുകളായ അംബാനി, അദാനിമാര്‍ക്ക് പൊതുമേഖല സ്ഥാപനങ്ങള്‍ എല്ലാം തീരെഴുതി കൊടുത്തു. സമ്പദ് വ്യവസ്ഥ തകര്‍ന്ന് തരിപ്പണമായി. വര്‍ഗ്ഗീയതയില്‍ മാത്രം കേന്ദ്രീകരിച്ച് ഭരണം നടത്തി എല്ലാ മേഖലയിലും സംഘ് പരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ വേണ്ടി മാത്രമാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കേരളത്തില്‍ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭരണത്തില്‍ എന്ത് നടക്കുന്നുവെന്ന് പോലും മന്ത്രിമാര്‍ അറിയുന്നില്ല. മന്ത്രിസഭയില്‍ നടക്കുന്ന കാര്യങ്ങള്‍ മന്ത്രിമാര്‍ അറിയുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്ത് വരികയാണ് വേണ്ടത്. കേരളത്തിലെ വിദ്യാഭ്യാസ- ആരോഗ്യ മേഖലയില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. യുഡിഎഫ് എന്നും സാധാരണക്കാരന്റെ ശബ്ദമായി നിയമസഭക്കകത്തും പുറത്തും പോരാടും- വിഡി സതീശന്‍ പറഞ്ഞു.

ജില്ലാചെയര്‍മാന്‍ സി.ടി അഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന കണ്‍വീനര്‍ എം.എം ഹസ്സന്‍ മുഖ്യപ്രഭാഷണം നടത്തി. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, എംഎല്‍എ മാരായ എന്‍എ നെല്ലിക്കുന്ന്, എകെഎം അഷ്‌റഫ് , ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍, മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ് മാന്‍, എംപി ജോസഫ്, ഹരീഷ് പി.നമ്പ്യാര്‍, സിഎസ് തോമസ്, പികെ രവീന്ദ്രന്‍, സലിം പി.മാത്യു, ടി മനോജ് കുമാര്‍, സികെസാജന്‍,കെപി കുഞ്ഞിക്കണ്ണന്‍, കല്ലട്ര മാഹിന്‍ഹാജി,എംസിഖമറുദ്ദീന്‍, വികെപി ഹമീദലി പ്രസംഗിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad