Type Here to Get Search Results !

Bottom Ad

കടലില്‍ കാണാതായ കാലാവസ്ഥാ നിരീക്ഷണ യന്ത്രത്തിനായി കാസര്‍കോട്, കണ്ണൂര്‍ ഭാഗങ്ങളില്‍ തിരച്ചില്‍: ശാസ്ത്രജ്ഞര്‍ ക്യാമ്പ് ചെയ്യുന്നു


കാസര്‍കോട് (www.evisionnews.in): അറബിക്കടലില്‍ കാണാതായ കാലാവസ്ഥാ നിരീക്ഷണ യന്ത്രത്തിനായി കാസര്‍കോട്, കണ്ണൂര്‍ ഭാഗങ്ങളില്‍ കടലില്‍ തിരച്ചില്‍ തുടരുന്നു. കോസ്റ്റല്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും മീന്‍പിടുത്ത തൊഴിലാളികളുടെ കൂടി സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയിലെ (എന്‍ഐഒടി) നാലു മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ കാസര്‍കോട്ടെത്തി ക്യാമ്പ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ജൂലൈ മുതലാണ് സമുദ്രത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ തിരിച്ചറിയുന്നതിനും സുനാമി, കൊടുങ്കാറ്റ്, കടല്‍ക്ഷോഭം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുമായി ഒരു വര്‍ഷം മുമ്പ് ലക്ഷദ്വീപ് തീരത്തിനടുത്ത് സ്ഥാപിച്ച കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് ബോയ എന്നുപേരുള്ള കോടികള്‍ വിലവരുന്ന യന്ത്രം കാണാതായത്. നങ്കൂരം വിട്ട് കടലില്‍ ഒഴുകുകയായിരുന്നുവെന്നാണ് കരുതുന്നത്. സിഗ്‌നല്‍ ലഭിക്കാത്തതിനാല്‍ ട്രാക് ചെയ്യാനും സാധിക്കുന്നില്ല.

ദിവസങ്ങള്‍ക്ക് മുമ്പ് മലപ്പുറത്തെ ചില മീന്‍പിടുത്ത തൊഴിലാളികള്‍ കടലില്‍ ഇതു കണ്ടപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട ഉദ്യോഗസ്ഥരാണ് കടലില്‍ തിരച്ചില്‍ വ്യാപകമാക്കാന്‍ തീരുമാനിച്ചത്. ബോയ് ഇപ്പോള്‍ കടലിലൂടെ ഒഴുകി കാസര്‍കോട് ഭാഗത്ത് എത്തിയിരിക്കാമെന്നാണ് നിഗമനം. ഒരു വര്‍ഷത്തോളമായി ശേഖരിച്ച വിവരങ്ങള്‍ ബോയയില്‍ ഉണ്ട്. അതുകൊണ്ട് തന്നെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമങ്ങളാണ് നടക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad