Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ്: ക്രമക്കേട് കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ചെയര്‍മാനായ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പേരില്‍



കാസര്‍കോട്: (www.evisionnews.in) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ് നടന്നതായി ആക്ഷേപം. കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ടാണ് ആരോപണമുയര്‍ന്നത്. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ചെയര്‍മാനായ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പേരിലാണ് തട്ടിപ്പ് നടന്നത്.

2019ല്‍ കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിദ്യാരംഗം കലാസാഹിത്യ വേദിക്ക് ഒരു സ്റ്റാള്‍ അനുവദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണം എന്നപേരില്‍ വിരമിച്ച ഒരു അധ്യാപകനെ കൊണ്ട് സ്റ്റാളില്‍ എത്തുന്നവരുടെ രേഖാ ചിത്രംവരച്ചു നല്‍കി. 200 രൂപ മുതല്‍ 5000 രൂപ വരെ ഈ ചിത്രത്തിനായി പലരും നല്‍കിയിരുന്നു. 50,000 രൂപയോളം ഇതിലൂടെ വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് ലഭിച്ചു. എന്നാല്‍ ഇത്തരത്തില്‍ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയില്ല എന്നാണ് ആരോപണം. ഇതിനിടെ 4100 രൂപ മാത്രം ട്രഷറിയില്‍ അടച്ചതായി പറയപ്പെടുന്നു.

സംഭവം വിവാദമായതോടെ ചിത്രകലാ അധ്യാപകനാണ് സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ നടത്തിയത് എന്ന് പറഞ്ഞു വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് കൈയൊഴിയുകയാണ്. വിദ്യാരംഗത്തിന് സ്റ്റാളില്‍ വെച്ച് ഇത്തരമൊരു ചിത്രരചന നടത്താനോ പണം കൈപ്പറ്റാനോ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ജില്ല, സംസ്ഥാന സമിതികള്‍ തീരുമാനിച്ചിരുന്നില്ല. മാത്രമല്ല പണം കൈപറ്റിയതിനു ആര്‍ക്കും യാതൊരുവിധ റസീറ്റ് നല്‍കിയതുമില്ല. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2019-20 സാമ്പത്തിക വര്‍ഷത്തിലെ വരവ് ചെലവ് കണക്കിലും ചിത്രരചന വഴി ലഭിച്ച പണത്തിന്റെ കണക്കുകളില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ നടന്ന വലിയ തട്ടിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നു.



Post a Comment

0 Comments

Top Post Ad

Below Post Ad