കേരളം (www.evisionnews.in): കേരളത്തില്‍ കണ്ടുവരുന്ന നോക്കുകൂലി സമ്പദായം തുടച്ച് നീക്കണമെന്നും നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടിവേണമെന്ന് ഹൈക്കോടതി. ട്രേഡ് യൂണിയന്‍ തീവ്രവാദമെന്ന പ്രതിച്ഛായ കേരളത്തിനുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
കൊല്ലത്തെ ഒരു ഹോട്ടല്‍ ഉടമ നല്‍കിയ പൊലീസ് സംരക്ഷണ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. നോക്കുകൂലി നല്‍കാത്തതിനാല്‍ ഹോട്ടലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ചുമട് ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ സംഘട്ടനത്തിലേക്ക് പോകുന്നത് നിര്‍ത്തണമെന്നും അവകാശ ലംഘനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ തൊഴിലാളി സംഘടനയ്ക്ക് ഉണ്ടെങ്കില്‍ നിയമപരമായി നേരിടണമെന്നും കോടതി വ്യക്തമാക്കി.
വിഎസ്എസ്സിയിലേയ്ക്കുള്ള ചരക്കുകള്‍ തടഞ്ഞത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്ന മുന്‍ പരാമര്‍ശം ആവര്‍ത്തിച്ചു. നേരത്തെയും നോക്കുകൂലി കേസ് പരിഗണിക്കുമ്പോള്‍ ട്രേഡ് യൂണിയനിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷ വിമര്‍ശനം കോടതി ഉയര്‍ത്തിയിരുന്നു. ചുമട് ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിയമം കയ്യിലെടുക്കുന്ന യൂണിയനുകളുടെ രീതി അംഗീകരിക്കാനാകില്ല. നോക്കുകൂലിക്ക് നിരോധനമേര്‍പ്പെടുത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമം കാര്യക്ഷമമായി നടപ്പിലാക്കാത്തത് നാണക്കേടാണെന്നും കോടതി കുറ്റപ്പെടുത്തി.
2017ല്‍ ഹൈക്കോടതി നിരോധിച്ച നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണു കോടതി ഉത്തരവ്. 2018 നു ശേഷം തൊഴിലാളി യൂണിയനുകള്‍ക്കെതിരെ 11 കേസുകള്‍ റജിസ്റ്റര്‍ ചെയ്‌തെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
നോക്കുകൂലി തുടച്ച് നീക്കണം, കൊടി നിറം നോക്കാതെ നടപടിവേണം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
4/
5
Oleh
evisionnews