Type Here to Get Search Results !

Bottom Ad

നജ ഫാത്തിമയുടെ മരണ കാരണം നിപ്പയല്ല ആശ്വാസത്തോടെ ജില്ല


കാസര്‍കോട് (www.evisionnews.in): അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച പിലാങ്കട്ടയിലെ അഞ്ചുവയസുകാരിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പൂന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനാ ഫലം ലഭിച്ചത്. ഇതോടെ ആശങ്ക നീങ്ങി.പിലാങ്കട്ട എടപ്പാറയിലെ മുഹമ്മദ് കുഞ്ഞി-മറിയമ്മ ദമ്പതികളുടെ മകള്‍ നജ ഫാത്തിമയാണ് അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മരിച്ചത്. ദിവസങ്ങളോളം പനിയുണ്ടായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബദിയടുക്കയിലെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് മുള്ളേരിയയിലെ ആസ്പത്രിയിലും പ്രവേശിപ്പിച്ചതായിരുന്നു.

പരിശോധനയില്‍ തലച്ചോറിലേക്ക് കടക്കുന്ന രക്തധ മനികളില്‍ വൈറസ് ബാധ കണ്ടെത്തുകയും തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകണമെന്ന് നിര്‍ദ്ദേശിക്കുകയുമുണ്ടായി. എന്നാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേത്തിക്കാനുള്ള സാങ്കേതിക തടസം മൂലം കണ്ണൂര്‍ മിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതിനിടെ രാത്രി അസുഖം മൂര്‍ച്ഛിക്കുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തത്. നിപയുടെ ചില ലക്ഷണങ്ങളുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കുട്ടിയുടെ സ്രവം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും പുനയിലേക്കും അയച്ചത്. കോഴിക്കോട്ട് നിന്നുള്ള ഫലം വ്യാഴാഴ്ച വൈകിട്ടോടെ ലഭ്യമായിരുന്നു. പ്രാഥമിക നിപ പരിശോധയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും പുനയില്‍ നിന്നുള്ള ഫലത്തിനെ കാത്തുനില്‍ക്കുകയായിരുന്നു. ഇതുകൂടി വന്നതോടെയാണ് ആശങ്ക നീങ്ങിയത്.

നജ ഫാത്തിമയുടെ മൃതദേഹം പ്രോട്ടോകോള്‍ പാലിച്ചാണ് പിലാങ്കട്ട ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കിയത്. കുട്ടിയുടെ വീട് ചെങ്കള പഞ്ചായത്ത് പരിധിയിലാണെങ്കിലും അതിര്‍ത്തി പങ്കിടുന്നതിനാല്‍ കുമ്പഡാജെ, ബദിയടുക്ക പഞ്ചായത്തുകളിലും നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad