Type Here to Get Search Results !

Bottom Ad

ആഫ്രിക്കയില്‍ എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു


ദേശീയം (www.evisionnews.co): പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ഗിനിയയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വവ്വാലില്‍ നിന്നാണു മനുഷ്യരിലേക്ക് രോഗം പകരുന്നത്. 

മനുഷ്യരിലെത്തിയാല്‍ രക്തം, മറ്റു ശരീര ദ്രവങ്ങള്‍ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടര്‍ന്നു പിടിക്കും. ഗ്വക്കെഡോയില്‍ ആഗസ്റ്റ് രണ്ടിന് മരിച്ച രോഗിയില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ പരിശോധനക്ക് വിധേയമാക്കിയതില്‍ നിന്നാണ് രോഗബാധ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നടത്തിയ പരിശോധനയില്‍ എബോള നെഗറ്റീവായെങ്കിലും മാര്‍ബര്‍ഗ് പോസിറ്റീവാകുകയായിരുന്നു. മരിച്ചയാളുടെ അടുത്ത ബന്ധുക്കളായ മൂന്ന് പേര്‍ നിരീക്ഷണത്തിലാണ്.

ഗിനിയന്‍ സര്‍ക്കാറും മാര്‍ബര്‍ഗ് കേസ് സ്ഥിരീകരിച്ചു. റൗസെറ്റസ് വവ്വാലുകള്‍ താമസിക്കുന്ന ഗുഹകളിലോ ഖനികളിലോ നിന്നാണ് മാര്‍ബര്‍ഗ് പടരാന്‍ സാധ്യത. രോഗവ്യാപനം തടയാനായി രാജ്യത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഗിനിയയില്‍ എബോളയുടെ രണ്ടാം വരവിന് അന്ത്യമായെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് രണ്ടു മാസം പിന്നിടുമ്പോഴാണ് മാര്‍ബര്‍ഗ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തുടങ്ങിയ എബോള ബാധയില്‍ 12 ജീവനുകളാണ് നഷ്ടമായത്.

രോഗം ബാധിച്ചാല്‍ 88 ശതമാനം വരെ മരണം സംഭവിക്കാന്‍ സാധ്യതയുള്ള മാര്‍ബര്‍ഗ്, എബോള ഉള്‍പ്പെടുന്ന ഫിലോവൈറസ് കുടുംബത്തിലെ അംഗമാണ്. വൈറസ് ശരീരത്തിലെത്തി മൂന്ന് മുതല്‍ ഒമ്പത് ദിവസത്തിനുള്ളില്‍ രോഗബാധ പ്രകടമാകും. മലമ്പനി, മഞ്ഞപ്പനി, സന്നിപാതജ്വരം തുടങ്ങിയ രോഗങ്ങളുടെ സമാന ലക്ഷണങ്ങളാണ് ഉണ്ടാകുന്നത്. ദക്ഷിണാഫ്രിക്ക, കെനിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളില്‍ നേരത്തെ മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടങ്ങളില്‍ 24 മുതല്‍ 88 ശതമാനം വരെയാണ് മരണനിരക്ക്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ആദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad