Type Here to Get Search Results !

Bottom Ad

ആരാധനാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കാത്തതിന് പിന്നിലെ താല്‍പര്യം വ്യക്തമാക്കണം: മുസ്ലിം യൂത്ത് ലീഗ്




കാസര്‍കോട് (www.evisionnews.co): കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാന്‍ സന്നദ്ധരാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടും കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്കഡൗണില്‍ അടച്ചിട്ട ആരാധനാലയങ്ങള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.

ലോക്ഡൗണില്‍ ഘട്ടംഘട്ടമായി നല്‍കുന്ന ഇളവുകളില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനെ പൂര്‍ണമായി തഴയുകയും മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സാമൂഹിക അകലം പാലിക്കാതെ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കുമ്പോഴും അഞ്ചുനേരം നമസ്‌കരിക്കുന്നതിനുമുമ്പ് അംഗസ്‌നാനം ചെയ്തു സാമൂഹിക അകലം പാലിച്ച് നമസ്‌കരിക്കുന്നതിന് വിശ്വാസിക്ക് പള്ളി തുറന്നു കൊടുക്കാത്തത് സാമൂഹ്യ നീതിക്ക് നിരക്കാത്തതാണെന്ന് യോഗം കുറ്റപ്പെടുത്തി.

ടെസ്റ്റ് പോസിറ്റീവ് നിരക്ക് എട്ടു ശതമാനത്തില്‍ താഴെയുള്ള കാറ്റഗറി എ വിഭാഗത്തില്‍ പെടുന്ന സ്ഥലങ്ങളില്‍ ഇളവ് അനുവദിക്കാമായിരുന്നിട്ടും അതും സര്‍ക്കാര്‍ അവഗണിക്കുകയാണ്. വിശുദ്ധ റമദാനില്‍ പോലും പള്ളികള്‍ അടച്ചു പെരുന്നാള്‍ നമസ്‌കാരം പോലും വീടുകളില്‍ വെച്ച് നിര്‍വഹിച്ച വിശ്വാസിസമൂഹം ഒറ്റക്കെട്ടായി അവരുടെ ഹൃദയവികാരം പ്രകടിപ്പിക്കുമ്പോള്‍ അവരെ അവഗണിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എകെഎം അഷ്‌റഫ് എംഎല്‍എ, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ അഷ്‌റഫ് എടനീര്‍ ടി ഡി കബീര്‍ ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് എം സി ശിഹാബ് മാസ്റ്റര്‍ വൈസ് പ്രസിഡണ്ടുമാരായ എം എ നജീബ്,മുക്താര്‍ എ,ഹാരിസ് തായല്‍,ഷംസുദ്ദീന്‍ ആവിയില്‍,ഹാരിസ് അങ്കക്കളരി,ബാതിഷ പൊവ്വല്‍ സെക്രട്ടറിമാരായ ഗോള്‍ഡന്‍ റഹ്മാന്‍,എം പി നൗഷാദ്, ഷംഷാദ് എ.ജി.സി, നൂറുദ്ദീന്‍ ബെളിഞ്ച എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതവും ട്രഷറര്‍ ഷാനവാസ് എംബി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad