Type Here to Get Search Results !

Bottom Ad

ഇലക്ഷന്‍ ഫണ്ട് നല്‍കാത്തതില്‍ തറ തകര്‍ത്ത് കൊടിനാട്ടിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തനം കാടത്തം: മുസ്്‌ലിം ലീഗ്


കാസര്‍കോട് (www.evisionnews.co): തെരഞ്ഞെടുപ്പിന് പിരിവുനല്‍കാന്‍ വൈകിയതിന്റെ വൈരാഗ്യത്തില്‍ നിര്‍മാണത്തിലുള്ള വീടിന്റെ തറ പൊളിച്ച് കൊടി നാട്ടിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തനം കാടത്തമാണെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്് ടിഇ അബ്ദല്ലയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാനും എന്‍എ നെല്ലിക്കുന്ന് എംഎല്‍എയും പറഞ്ഞു.

കാഞ്ഞങ്ങാട് ഇട്ടമ്മല്‍ ചാലിയാന്‍ നായിലെ വിഎം റാസിഖിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തറയാണ് സംഭാവന നല്‍കാന്‍ വൈകിയതിന്റെ പേരില്‍ പൊളിച്ച് മാറ്റിയത്. മുസ്്‌ലിം ലീഗും പോഷക സംഘടനകളും മറ്റു സന്നദ്ധ സംഘടനകളും പാവപ്പെട്ട ജനങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമ്പോള്‍ സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊണ്ട് പിടിച്ചുപറി നടത്തുകയാണ്.

2021ഫെബ്രുവരി 5ന് അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറി എ2 ബിഎ (29061) 2021 നമ്പര്‍ പ്രകാരം നല്‍കിയ പെര്‍മിറ്റിന്റെ അടിസ്ഥാനത്തിലാണ് റാസിഖ് വീട് നിര്‍മാണം ആരംഭിച്ചത്. വീട് നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പ് സിപിഎമ്മുകാരനായ പഞ്ചായത്ത് മെമ്പറോട് റാസിഖ് കാര്യം പറഞ്ഞിരുന്നു. സിപിഎം സ്വാധീനമുള്ള പ്രദേശങ്ങളില്‍ നിയമാനുസൃതം കെട്ടിടം പണിയുന്നതിന് സിപിഎം നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും പണം നല്‍കണമെന്ന അലിഖിത നിയമം ഇപ്പോഴും നിലനില്‍ക്കുന്നു.

റവന്യൂ മന്ത്രിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കാത്തതിന്റെ പേരിലാണ് സിപിഎമ്മിന്റെ യുവജന സംഘടന പ്രവര്‍ത്തകര്‍ തറ പൊളിച്ച് കൊടിനാട്ടിയത്. ഇത് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ് സംഭവത്തിലെ മുഴുവന്‍ കുറ്റവാളികളെയും അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കണം. സംഭവം വിവാദമായപ്പോള്‍ പഞ്ചായത്ത് സെക്രട്ടറി വീട് നിര്‍മാണം നിര്‍ത്തിവെക്കാന്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെക്കുറിച്ചും സിപിഎം. നിലപാട് വ്യക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

റാസിഖിന്റെ വീട് നിര്‍മാണ സ്ഥലം മുസ്്‌ലിം ലീഗ് നേതാക്കളായ ടിഇ അബ്ദുല്ല, എ അബ്ദുല്‍ റഹ്്മാന്‍, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, കെ. മുഹമ്മദ് കുഞ്ഞി, എംപി ജാഫര്‍, എപി ഉമ്മര്‍, എസിഎ ലത്തീഫ്, ഹമീദ് ചേരക്കാടത്ത്, തെരുവത്ത് മൂസഹാജി, പാലാട്ട് ഇബ്രാഹിം, കുഞ്ഞബ്ദുല്ല കൊളവയല്‍ സന്ദര്‍ശിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad