Type Here to Get Search Results !

Bottom Ad

ബിജെപിയും സിപിഎമ്മും രാഷ്ട്രീയ ലാഭത്തിന് മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുന്നു: എ. അബ്ദുല്‍ റഹ്്മാന്‍


കാസര്‍കോട് (www.evisionnews.co): മതേതര വോട്ടുകളെ ഭിന്നിപ്പിച്ച് ഫാസിസ്റ്റ് ശക്തികളെ വിജയിപ്പിക്കാനുള്ള ഉത്തരേന്ത്യന്‍ രാഷ്ട്രീയ തന്ത്രമാണ് മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ ബിജെപിയും സിപിഎമ്മും നടത്തുന്നതെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍. 

കര്‍ണാടകയില്‍ നിന്നും ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ അടക്കമുള്ള നേതാക്കളും കേഡറുകളും മണ്ഡലങ്ങളിലെ പഞ്ചായത്തുകളില്‍ ക്യാമ്പ് ചെയ്ത് പണവും പ്രലോഭനങ്ങളും നല്‍കുകയും വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുകയും ചെയ്യുകയാണ്. ഇതിനിടയില്‍ ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ മാത്രം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് സിപിഎം. ശ്രമിക്കുന്നത്. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ജീവന്‍മരണ പോരാട്ടത്തിലാണ് യുഡിഎഫ്.

ഫാസിസത്തെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ടും സഹായവും ഇതിനായി യുഡിഎഫിന് ആവശ്യമാണ്. ഉന്നതമായ ജനാധിപത്യ- മതേതര മൂല്യങ്ങള്‍ എക്കാലവും ഉയര്‍ത്തി പിടിച്ചിട്ടുള്ള വോട്ടര്‍മാരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിധിയെഴുത്തായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍ മതേതര വോട്ടുകളെ എങ്ങിനെ ഭിന്നിപ്പിക്കാമെന്ന് ഗവേഷണം നടത്തുകയാണ് പലരും.

മുപ്പതു ശതമാനം വോട്ട് നേടിയവര്‍ അധികാരത്തിലെത്തുന്ന ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെ പോലെ മതേതര വോട്ടുകളെ ഭിന്നിപ്പിച്ച് ഫാസിസ്റ്റ് ശക്തികള്‍ക്ക് വിജയം സമ്മാനിക്കാനുള്ള പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും നടത്തുന്നവര്‍ നാടിന്റെ അന്തകരായി മാറുകയാണ്.

ജാതി മത ഭാഷാഭേദമന്യെ ഏകോദര സഹോദരങ്ങളായി സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയുന്ന തുളുനാടന്‍ മണ്ണിനെ കലാപത്തിന്റെ ഭൂമിയാക്കി നശിപ്പിക്കാനുള്ള സംഘ്പരിവാര്‍ ശക്തികളുടെ ശ്രമത്തിനെ പരാജയപ്പെടുത്താനും യുഡിഎഫ് സ്ഥാനാര്‍ഥികളെ ബഹുഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനും മുഴുവന്‍ മതേതര- ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണമെന്നും അബ്ദുല്‍ റഹ്്മാന്‍ അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad