Type Here to Get Search Results !

Bottom Ad

സിപിസിആര്‍ഐ ഉദ്യോഗസ്ഥന് കോവിഡ്: പ്രാഥമിക സമ്പര്‍ക്ക ലിസ്റ്റിലുള്ളവര്‍ പരിശോധനക്ക് തയാറാകുന്നില്ലെന്ന് പരാതി


കാസര്‍കോട് (www.evisionnews.co): സിപിസിആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റിന് കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചതോടെ സമ്പര്‍ക്ക ഭീതിയില്‍ ജീവനക്കാര്‍. സിപിസിആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റിനാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതെതുടര്‍ന്ന് ഡയറക്ടര്‍ ആയ ഭാര്യ ഉള്‍പ്പെടെ അടുത്തു സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേര്‍ കോവിഡ് നിരീക്ഷണത്തില്‍ പോയിരുന്നു.

എന്നാല്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കമുള്ള ഡയറക്ടറായ ഭാര്യ കഴിഞ്ഞ ദിവസങ്ങളില്‍ ശാസ്ത്രജ്ഞന്മാരും വകുപ്പ് മേധാവികളും കര്‍ഷകരും പങ്കെടുത്ത ക്ലാസുകളില്‍ പങ്കെടുത്തിരുന്നതായാണ് വിവരം. ഇതേതുടര്‍ന്ന് കൂടുതല്‍ പേര്‍ ക്വാറന്റീന്‍ ലീവ് ആവശ്യപ്പെട്ടെങ്കിലും അടുത്ത് ബന്ധമുള്ള ആറുപേര്‍ മാത്രം ക്വാറന്റീനില്‍ പോയാല്‍ മതിയെന്ന നിലപാടാണ് ആരോഗ്യ വിഭാഗം സ്വീകരിച്ചത്.

ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോഗ്യ പ്രവര്‍ത്തകരെത്തി പ്രൈമറി കോണ്‍ടാക്ടുള്ളവരുടെ ക്വാട്ടേഴ്‌സുമായി ബന്ധപ്പെട്ടവരെ ക്വാറന്റീനില്‍ പോവാന്‍ നിര്‍ദേശിച്ചു. ഡയറക്ടറുടെ ചേംബറും ശനിയാഴ്ച സയന്റിസ്റ്റ് യോഗം ചേര്‍ന്ന കോണ്‍ഫറന്‍സ് ഹാളും തിങ്കളാഴ്ച തന്നെ അടച്ചിട്ടിരുന്നു.

അടുത്ത സമ്പര്‍ക്കം ഉള്ളവരാണ് ക്വാറന്റീനില്‍ ഉള്ളതെന്നും മറ്റുള്ളവര്‍ക്കു ആന്റിജന്‍ പരിശോധന നടത്താമെന്ന് അറിയിച്ചിരുന്നതായും ഹെല്‍ത്ത് ജീവനക്കാര്‍ പറയുന്നു. എന്നാല്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമായിട്ടും ഡയറക്ടര്‍ അടക്കം പരിശോധനയ്ക്ക് തയാറായിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സിപിസിആര്‍ഐയിലെയും കൃഷി വിജ്ഞാന കേന്ദ്രത്തിലെയും ശാസ്ത്രജ്ഞരും വകുപ്പ് തല മേധാവികളും ഉള്‍പ്പെടെ നൂറിലേറെ പേര്‍ കോവിഡ് ബാധിച്ചവരുമായി ഇടപഴകുന്നവരാണെന്നാണ് ജീവനക്കാരുടെ വാദം. കര്‍ഷകര്‍ നിരന്തരം ബന്ധപ്പെടുന്ന സ്ഥാപനത്തില്‍ കോവിഡ് ബാധിതരുമായി സമ്പര്‍ക്കം ഉള്ളവര്‍ ക്വാറന്റീനില്‍ പോകാതെ ജോലിയില്‍ തുടരുന്നത് കോവിഡ് വ്യാപനത്തിനു ഇടയാക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad