Type Here to Get Search Results !

Bottom Ad

അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റാല്‍ സൗജന്യ ചികിത്സയും നഷ്ടപരിഹാരവും


കേരളം (www.evisionnews.co): അജ്ഞാതവാഹനം ഇടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയും നഷ്ടപരിഹാരവും നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമരൂപമായി. ഇതിനായി ഇന്‍ഷുറന്‍സില്‍നിന്നു നിശ്ചിത ശതമാനം മാറ്റിവെക്കും. ഒന്നര ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ലഭിക്കുക. അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കെല്ലാം ഈ സൗജന്യത്തിന് അര്‍ഹതയുണ്ട്. തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 0.1 ശതമാനം വര്‍ധന വരുത്തിയാണ് നഷ്ടപരിഹാരം നല്‍കുക.

ദേശീയപാതാ വിഭാഗം വിവിധ സേവനങ്ങള്‍ക്ക് സെസ് ഈടാക്കുന്നതും പരിഗണനയിലുണ്ട്. ഇത്തരത്തില്‍ സ്വരൂപിക്കുന്ന തുകയില്‍നിന്നാകും നഷ്ടപരിഹാരവും സൗജന്യ ചികിത്സയും നല്‍കുക. എല്ലാ വാഹന ഇന്‍ഷുറന്‍സ് പോളിസികളിലും നിശ്ചിതശതമാനം മാറ്റിവെച്ച് ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളിടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കും. അധികപ്രീമിയം ഈടാക്കാനും കമ്പനികള്‍ക്ക് അനുമതി നല്‍കും.

ആശുപത്രികള്‍ ചികിത്സ നിഷേധിക്കാന്‍ പാടില്ല. ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനസര്‍ക്കാരുകളുടെ സഹായത്തോടെ നല്‍കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ചികിത്സ നല്‍കുന്ന ആശുപത്രികള്‍ക്ക് പിന്നീട് സര്‍ക്കാര്‍ തുക നല്‍കും. ഇതിനായി കാഷ്ലെസ് സംവിധാനമാണ് വിഭാവനം ചെയ്തിട്ടുള്ളത്.

പരിക്കേറ്റ ആദ്യ മണിക്കൂറുകള്‍ നിര്‍ണായകമാണ്. കൃത്യമായ വൈദ്യപരിചരണം ലഭിച്ചാല്‍ ജീവന്‍ രക്ഷിക്കാനാകും. ഉത്തരവാദപ്പെട്ടവര്‍ എത്തുന്നതുവരെ ചികിത്സ വൈകിപ്പിക്കുന്ന പതിവ് ചില ആശുപത്രികളിലുണ്ട്. ഇതൊഴിവാക്കാനാണ് സൗജന്യചികിത്സ നിര്‍ബന്ധമാക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad