Friday, 26 February 2021

നിയമസഭ തെരഞ്ഞെടുപ്പ്: കേരളത്തില്‍ ഏപ്രില്‍ ആറിന് വോട്ടെടുപ്പ്

 


കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തീയതികൾ പ്രഖ്യാപിച്ചത്. കേരളം, പശ്ചിമബംഗാൾ, തമിഴ്​നാട്​, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ്​ തെരഞ്ഞെടുപ്പ്​ നടക്കുക. തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു . അസമിൽ മൂന്നു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. എല്ലായിടത്തും മെയ് രണ്ടിനാണ് വോട്ടെണ്ണൽ

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി തെരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. കോവിഡ് കണക്കിലെടുത്ത് കൂടുതൽ പോളിങ് ബൂത്തുകളുണ്ടാകും. കേരളത്തിൽ ഇത്തവണ 40771 പോളിങ് ബൂത്തുകളാണുള്ളത്. വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാമെന്ന് അദ്ദേഹം പറഞ്ഞു. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേർക്ക് മാത്രമാണ് അനുമതി.

കമ്മീഷന്റെ സമ്പൂർണ യോഗം വെള്ളിയാഴ്ച തെരഞ്ഞെടുപ്പ്​ കമീഷൻ ആസ്​ഥാനത്ത്​ ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ്​ വാർത്താ​സമ്മേളനം. തെരഞ്ഞെടുപ്പ്​ കമ്മീഷൻ അഞ്ചു സംസ്​ഥാനങ്ങളിലുമെത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭയുടെ കാലാവധി മെയ് മാസത്തോടെ തീരുന്നത്. പശ്ചിമ ബംഗാളിൽ കഴിഞ്ഞ തവണ ഏഴ് തവണയായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്.

റമദാനും വിഷുവും പരിഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിക്ക് മുൻപ് നടത്തണമെന്നാണ് ഇടത് മുന്നണി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ആവശ്യപ്പെട്ടത്. കൊട്ടിക്കലാശം പൂർണമായും ഒഴിവാക്കരുത്. പോസ്റ്റൽ വോട്ട് ലിസ്റ്റ് സ്ഥാനാർഥികൾക്ക് കൂടി ലഭ്യമാക്കണം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അക്ഷയ കേന്ദ്രങ്ങൾ തുക ചുമത്തുന്നത് ഒഴിവാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ഏപ്രിൽ 8നും 12നുമിടയിൽ തെരഞ്ഞെടുപ്പ് വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. പോളിങ് സമയം ദീർഘിപ്പിക്കരുതെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് മേയ് മാസത്തിൽ മതിയെന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്.


Related Posts

നിയമസഭ തെരഞ്ഞെടുപ്പ്: കേരളത്തില്‍ ഏപ്രില്‍ ആറിന് വോട്ടെടുപ്പ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.