Tuesday, 2 February 2021

ഭെല്‍ ഇ.എം.എല്‍: കോടതി അലക്ഷ്യ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ്


കേരളം (www.evisionnews.co): കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ കമ്പനി സംസ്ഥാന സര്‍ക്കാരിന് കൈമാറാനുള്ള തീരുമാനം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് നടപ്പിലാക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ കോടതി അലക്ഷ്യ ഹരജിയില്‍ ഹൈക്കോടതി നോട്ടീസ്.

ഭെല്‍ ഇ.എം.എല്‍ കമ്പനിയിലെ ജീവനക്കാരനും എസ്.ടി.യു ജനറല്‍ സെക്രട്ടറിയുമായ കെ.പി മുഹമ്മദ് അഷ്‌റഫ് അഡ്വ.പി.ഇ.സജല്‍ മുഖേന നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് എന്‍.നാഗരേഷാണ് കേന്ദ്ര ഘന വ്യവസായ വകുപ്പിന് നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ടത്.

കമ്പനി കൈമാറാന്‍ ഇരു സര്‍ക്കാരുകളും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരുമാനിക്കുകയും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉത്തരവ് ഇറക്കുകയും ചെയ്‌തെങ്കിലും കേന്ദ്ര ഘന വ്യവസായ വകുപ്പിന്റെ അന്തിമ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ നല്‍കിയ ഹരജിയില്‍ മൂന്ന് മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് 2020 ഒക്ടോബര്‍ 13 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഉത്തരവ് നടപ്പാക്കി കമ്പനി കൈമാറ്റത്തിന് അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് ഹരജിക്കാരന്‍ കോടതി അലക്ഷ്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് വര്‍ഷമായി ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത ഭെല്‍ ഇ.എം.എല്‍ കമ്പനി കഴിഞ്ഞ പത്ത് മാസമായി അടഞ്ഞ് കിടക്കുകയാണ്.

ഭെല്ലിന് 51 ശതമാനവും സംസ്ഥാന സര്‍ക്കാരിന് 49 ശതമാനവും ഓഹരി പങ്കാളിത്തമുള്ള കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ സംയുക്തമായി ജനുവരി 12 മുതല്‍ കാസര്‍കോട് ടൗണില്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹം നടത്തി വരികയാണ്.

Related Posts

ഭെല്‍ ഇ.എം.എല്‍: കോടതി അലക്ഷ്യ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.