Type Here to Get Search Results !

Bottom Ad

പെരിയ ഇരട്ടക്കൊല: സിബിഐയെ നേരിടാന്‍ പ്രതികളെ സജ്ജമാക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ അഭിഭാഷക സംഘം


കാസര്‍കോട് (www.evisionnews.co): പെരിയ കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം നേരിടാന്‍ പ്രതികളെ സജ്ജമാക്കാന്‍ തന്ത്രപരമായ നീക്കങ്ങളുമായി സിപിഎം നേതൃത്വം രംഗത്ത്. സി.ബി.ഐ ചോദ്യം ചെയ്യുമ്പോള്‍ എങ്ങനെ മറുപടി നല്‍കണമെന്ന് പ്രതികളെ പഠിപ്പിക്കാനായി സി.പി.എം നേതൃത്വം അഭിഭാഷകസംഘത്തെ നിയോഗിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി എ. പീതാംബരന്‍ അടക്കമുള്ളവരെ ഇക്കാര്യത്തില്‍ പ്രാപ്തരാക്കുന്നതിന് നാല് അഭിഭാഷകരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കാഞ്ഞങ്ങാട്ട് സി.പി.എം ആഭിമുഖ്യത്തിലുള്ള ലോയേഴ്‌സ് യൂണിയന്റെ യോഗം ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. 
 
സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാകമ്മിറ്റി അംഗവും അടുത്ത കാലത്ത് പ്രത്യേക ചുമതലയില്‍ നിയമനം ലഭിച്ച അഭിഭാഷകയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇവര്‍ ജയിലില്‍ പ്രതികളെ സന്ദര്‍ശിച്ച് സി.ബി.ഐയുടെ ചോദ്യങ്ങളെ എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ചുകൊടുക്കും. സി.ബി.ഐ അന്വേഷണം ആരംഭിച്ചതോടെ പ്രതികളില്‍ ചിലര്‍ സി.പി.എം നേതൃത്വത്തിനെതിരെ ശബ്ദമുയര്‍ത്തിതുടങ്ങിയതായാണ് വിവരം. 
 
സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തി സി.ബി.ഐ അന്വേഷണം ഒഴിവാക്കുമെന്നാണ് ഇവര്‍ കരുതിയിരുന്നത്. തങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്‍ട്ടിലുണ്ടെന്നും ഇവര്‍ കരുതിയിരുന്നു. സി.ബി.ഐ അന്വേഷണം തുടങ്ങിയതോടെ തങ്ങളുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായതോടെയാണ് പ്രതികള്‍ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന മാനസികനിലയില്‍ എത്തിയത്. ഈ സാഹചര്യത്തില്‍ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പാര്‍ട്ടി ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെയുള്ള നീക്കം നടത്തുന്നത്. 
 
സി.ബി.ഐയുടെ ആദ്യഘട്ട അന്വേഷണത്തില്‍ ഇരട്ടക്കൊലപാതകം നടന്ന കല്ല്യോട്ട് ഡമ്മിപരീക്ഷണം അടക്കം നടത്തിയിരുന്നു. കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ സി.ബി.ഐക്ക് ക്യാമ്പ് ഓഫീസ് അനുവദിച്ചതോടെ രണ്ടാംഘട്ട അന്വേഷണം ഉടനെയുണ്ടാകും. സി.ബി.ഐ സൂപ്രണ്ട് നന്ദകുമാരന്‍നായരുടെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad