Wednesday, 20 January 2021

ജില്ലാ കോടതിയിലെ ജഡ്ജിക്ക് സ്ഥാനക്കയറ്റം: റിയാസ് വധക്കേസ് ഉള്‍പ്പെടെ വിചാരണ മുടങ്ങി


കാസര്‍കോട് (www.evisionnews.co): ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജഡ്ജി മറ്റൊരു വകുപ്പില്‍ സ്ഥാനക്കയറ്റം ലഭിച്ച് പോയതോടെ റിയാസ് മൗലവി വധം അടക്കമുള്ള പ്രമാദമായ കൊലക്കേസുകളുടെ വിചാരണ വീണ്ടും അനിശ്ചിതത്വത്തിലായി. കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പൂര്‍ത്തിയാകാറായ ഘട്ടത്തിലാണ് പല കാരണങ്ങള്‍ കൊണ്ടും ഈ കേസിന്റെ തുടര്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാത്തത്. ജില്ലാ ജഡ്ജിയായിരുന്ന മനോഹര്‍ കിണിയുടെ മേല്‍നോട്ടത്തിലാണ് റിയാസ് മൗലവി വധക്കേസിന്റെ വിചാരണ ആദ്യം മുന്നോട്ടുപോയത്. 

വിചാരണ പകുതിയായപ്പോള്‍ മനോഹര്‍ കിണി സ്ഥലംമാറി പോകുകയും ജഡ്ജി അജിത്കുമാര്‍ ചുമതലയേല്‍ക്കുകയും ചെയ്തു. സാക്ഷിവിസ്താരം വരെ പൂര്‍ത്തിയായി വിചാരണ അവസാനഘട്ടത്തിലെത്തിയപ്പോള്‍ അജിത് കുമാറിനും സ്ഥലം മാറ്റം ലഭിച്ചു. ഇതോടെ കുറച്ചുനാള്‍ ജില്ലാ കോടതിയില്‍ ജഡ്ജിയുടെ സേവനം ഇല്ലായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രണ്ടുമാസക്കാലം ജില്ലാ കോടതിയും അടഞ്ഞുകിടന്നു. പിന്നീട് കോടതി തുറന്ന് പ്രവര്‍ത്തനമാരംഭിച്ചുവെങ്കിലും കുറച്ചുനാള്‍ കഴിഞ്ഞാണ് പുതിയ ജഡ്ജിയായി പഞ്ചപകേശന്‍ ചുമതലയേറ്റത്. കോവിഡ് നിയന്ത്രണങ്ങള്‍ പ്രതികളെയും സാക്ഷികളെയും കോടതിയില്‍ ഹാജരാക്കുന്നതിന് തടസമായതിനാല്‍ വിചാരണ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനായില്ല. വിചാരണ പല തവണ നീട്ടിവെക്കേണ്ടിവന്നു. ജനുവരി ആറിന് പഞ്ചപകേശന് സ്ഥാനക്കയറ്റം ലഭിക്കുകയും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ സ്ഥാനം ഒഴിയുകയും ചെയ്തു. പകരം ആരും ഇതുവരെ ചുമതലയേറ്റിട്ടില്ല. 

റിയാസ് മൗലവി വധക്കേസ് വിചാരണ നിയമക്കുരുക്കില്‍പെട്ട് താത്ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നതുമൂലമുള്ള ദീര്‍ഘമായ കാലതാമസവും മുമ്പുണ്ടായിരുന്നു. ഈ കേസില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനാലാണ് വിചാരണ നീണ്ടുപോയത്. ഹൈക്കോടതി സ്റ്റേ നീക്കിയതോടെ വിചാരണ പുനരാരംഭിക്കുകയായിരുന്നു.

റിയാസ് മൗലവി വധക്കേസിന് പുറമെ ജില്ലാകോടതിയില്‍ ചീമേനി പുലിയന്നൂര്‍ ജാനകി വധക്കേസിന്റെ വിചാരണയും മുടങ്ങിക്കിടക്കുകയാണ്. ഈ കേസിലും വിചാരണ പുരോഗമിക്കുന്നതിനിടെയാണ് ഇടയ്ക്ക് നിര്‍ത്തിവെക്കോണ്ടിവന്നത്. പെരിയ ചെക്കിപ്പള്ളത്തെ സുബൈദ വധക്കേസിന്റെ വിചാരണ നടപടിക്രമങ്ങളും എങ്ങുമെത്താതെ പോയി. ജില്ലാകോടതിയില്‍ ഇനിയെന്നാണ് പുതിയ ജഡ്ജി ചുമതലയേല്‍ക്കുകയെന്ന് വ്യക്തമല്ല. 

Related Posts

ജില്ലാ കോടതിയിലെ ജഡ്ജിക്ക് സ്ഥാനക്കയറ്റം: റിയാസ് വധക്കേസ് ഉള്‍പ്പെടെ വിചാരണ മുടങ്ങി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.