Type Here to Get Search Results !

Bottom Ad

കോവിഡിനെതിരെയുള്ള പിന്തുണ തെരഞ്ഞെടുപ്പ് കാലത്തും തുടരണം: ജില്ലാ കലക്ടര്‍


കാസര്‍കോട് (www.evisionnews.co): കഴിഞ്ഞ ഏതാനും ആഴ്ചകളായി ജില്ലയില്‍ കോവിഡ് രോഗബാധ ഏറ്റവും കുറച്ചു മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും കോവിഡ് വ്യാപനത്തിനെതിരായ ജനങ്ങളുടെ പിന്തുണ തെരഞ്ഞെടുപ്പ് കാലത്തും തുടരണമെന്നും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു പറഞ്ഞു. ജില്ലയിലെ ജനങ്ങളുടെ സഹകരണം കൊണ്ടുമാത്രമാണ് കോവിഡ് വ്യാപനം കുറക്കാന്‍ കഴിഞ്ഞത്. കോവിഡ് ഇവിടെ തന്നെയുണ്ട്. വ്യാപിച്ച് കഴിഞ്ഞാല്‍ വലിയ പ്രതിസന്ധിയായിരിക്കും ജില്ല അഭിമുഖീകരിക്കുക. 

ഡിസംബര്‍ രണ്ടാംവാരം കോവിഡ് വ്യാപന തീവ്രത കൂടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് രാത്രി ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന തീരുമാനം എടുത്തിട്ടുള്ളത്. ഈ നിര്‍ദേശത്തോട് എല്ലാവരും സഹകരിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും ജില്ലയില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് മാത്രമേ തെരഞ്ഞെടുപ്പ് നടത്താന്‍ പാടുള്ളൂവെന്ന നിര്‍ദേശം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. 

കോവിഡ് പോസിറ്റീവായ വോട്ടര്‍മാര്‍ക്കും ക്വാറന്റൈനിലുള്ള വോട്ടര്‍മാര്‍ക്കും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. മുഴുവന്‍ പേരെയും വോട്ട് ചെയ്യിക്കുകയാണ് ലക്ഷ്യം. എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം ശക്തമാവുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ കോവിഡ് മാനദണ്ഡം പാലിച്ചാണ് പ്രചാരണം നടത്തേണ്ടത്. പൊതുയിടങ്ങളില്‍ ഒരു തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ പാടില്ലെന്ന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. 

വലിയ രീതിയിലുള്ള പ്രചാരണ സംവിധാനങ്ങള്‍ ഒരുക്കാന്‍ പാടില്ല. പ്രചാരണയോഗങ്ങളില്‍ നൂറിലധികവും കുടുംബയോഗങ്ങളില്‍ ഇരുപതിലധികവും പേരും കൂടാന്‍ പാടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ വളരെ ഉത്തരവാദിത്തബോധത്തോടെയാണ് ഇതു വരെ സഹകരിച്ചിട്ടുള്ളത്. നിര്‍ദേശങ്ങളോട് നല്ല പിന്തുണയാണ് ലഭിച്ചിട്ടുള്ളതെന്നും ഇതും തുടരണമെന്നും കലക്ടര്‍ പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad