Type Here to Get Search Results !

Bottom Ad

ഫലം പൂര്‍ത്തിയായിട്ടും ആരു ഭരിക്കുമെന്ന് വ്യക്തതയില്ലാതെ അതിര്‍ത്തി പഞ്ചായത്തുകള്‍



കാസര്‍കോട് (www.evisionnews.co): ഫലം പുറത്തുവന്നിട്ടും ആരു ഭരിക്കുമെന്ന് വ്യക്തതയില്ലാതെ അതിര്‍ത്തി പഞ്ചായത്തുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഈ മേഖലയില്‍ തൂക്കുഭരണത്തിന്റെ ആശങ്ക പകര്‍ന്നിരുന്നു. എന്നാല്‍ ഭരണം പിടിക്കല്‍ കഴിഞ്ഞ തവണത്തെക്കാള്‍ കുരുക്കാവുന്ന സ്ഥിതിയിലാണ് അതിര്‍ത്തി പഞ്ചായത്തുകളിലെ സീറ്റുനില. 

വോര്‍ക്കാടി പഞ്ചായത്തില്‍ ആകെയുള്ള 16 സീറ്റുകളില്‍ എല്‍ഡിഎഫിന് ആറും ബിജെപിക്ക് അഞ്ചും യുഡിഎഫിന് നാലുമാണ് സീറ്റുനില. ഒരു സ്വതന്ത്രനുമുണ്ട്. ആര്‍ക്കും തനിച്ച് ഭൂരിപക്ഷമില്ല. മഞ്ചേശ്വരം പഞ്ചായത്തിലും സ്ഥിതി സമാനം. ആകെയുള്ള 21 സീറ്റില്‍ യുഡിഎഫ് എട്ട്, യുഡിഎഫ് ആറ്, എല്‍ഡിഎഫ് മൂന്ന്, മറ്റുള്ളവര്‍ നാല് എന്നിങ്ങനെയാണ് കക്ഷിനില. കുമ്പഡാജെയിലും ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. ആകെയുള്ള 13 സീറ്റില്‍ ആറുവീതം സീറ്റില്‍ യുഡിഎഫും ബിജെപിയും ഒപ്പമെത്തിയപ്പോള്‍ പഞ്ചായത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ നിലപാട് നിര്‍ണായകമാകും. കഴിഞ്ഞ തവണ ഏഴു സീറ്റുനേടി യുഡിഎഫാണ് പഞ്ചായത്ത് ഭരിച്ചത്. ഇത്തവണ കോണ്‍ഗ്രസിന്റെ ഒരു സീറ്റ് കൈവിട്ടതോടെയാണ് നിലവിലെ സ്ഥിതി സംജാതമായത്. 

കഴിഞ്ഞ തവണ എല്‍ഡിഎഫിന്റെ കൈകളിലുണ്ടായിരുന്ന പൈവളിഗെയും ഇത്തവണ തൃശങ്കുവിലാണ്. എല്‍ഡിഎഫും ബിജെപിയും എട്ടുവീതം, യുഡിഎഫ് മൂന്ന് എന്ന നിലയിലാണ് കക്ഷിനില. ഇവിടെ മൂന്നു സീറ്റുള്ള യുഡിഎഫിന്റെ തീരുമാനം നിര്‍ണായകമാകും. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഏഴ്, ബിജെപി എട്ട്, യുഡിഎഫ് നാല് എന്ന നിലയിലായിരുന്നു കക്ഷിനില. 

കഴിഞ്ഞ തവണ യുഡിഎഫ് ഭരിച്ച ബദിയടുക്ക പഞ്ചായത്തില്‍ ആകെയുള്ള 19ല്‍ എട്ടുവീതം സീറ്റുകള്‍ ലഭിച്ച യുഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. രണ്ട് എല്‍ഡിഎഫും ഒരു സ്വതന്ത്രനുമുണ്ട്. ഇവിടെ ഭരണത്തിലേറാന്‍ ഇവരുടെ പിന്തുണവേണം. കഴിഞ്ഞ തവണ യുഡിഎഫിന് പത്തും ബിജെപിക്ക് എട്ടും എല്‍ഡിഎഫിന് ഒന്നുമായിരുന്നു സീറ്റ് നില. മുളിയാര്‍ പഞ്ചായത്തില്‍ കഴിഞ്ഞതവണത്തേത് പോലെതന്നെ ഇക്കുറിയും ഭരണം തുലാസിലാണ്. യുഡിഎഫ് 7, എല്‍ഡിഎഫ് 7, ബിജെപി 1 എന്ന നിലയിലാണ് മുളിയാറിലെ കക്ഷിനില. രണ്ടിടത്തും മുന്നണികള്‍ പിന്തുണക്ക് ശ്രമിച്ചില്ലെങ്കില്‍ നറുക്കെടുപ്പ് വേണ്ടിവരും. 


Post a Comment

0 Comments

Top Post Ad

Below Post Ad