Monday, 5 February 2018

സുബൈദ വധക്കേസ്: റിമാന്റിലായ പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കും


കാസര്‍കോട് (www.evisionnews.co): പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസില്‍ റിമാന്റില്‍ കഴിയുന്ന രണ്ടുപ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കാന്‍ കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കി. മധൂര്‍ പട്ള കോട്ടക്കണ്ണിയിലെ കെ.എം അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ (26), പട്ള കുതിരപ്പാടിയിലെ പി. അബ്ദുല്‍ അസീസ് എന്ന ബാവ അസീസ് (23) എന്നിവരെയാണ് തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കാന്‍ കാസര്‍കോട് സി.ജെ.എം കോടതി അനുമതി നല്‍കിയത്. 

അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സി.ഐ വി.കെ വിശ്വംഭരനാണ് ശനിയാഴ്ച സി.ജെ.എം കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇതേ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റി (രണ്ട്) ന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. അതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത കാറുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. 

പ്രതികളെ അറസ്റ്റു ചെയ്ത ശേഷം ആയംപാറയിലെ സുബൈദയുടെ വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. തിരിച്ചറിയല്‍ പരേഡിന് ശേഷം വീണ്ടും തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പൊലീസ് പറഞ്ഞു.

അതേസമയം കേസിലെ മുഖ്യപ്രതി സുള്ള്യ അജ്ജാവര ഗുളുംബ ഹൗസിലെ അസീസ് (30), മാന്യയിലെ ഹര്‍ഷാദ് (30) എന്നിവര്‍ക്ക് വേണ്ടി കാസര്‍കോട് സി.ഐ സി.എ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. മംഗലാപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുണ്ടെന്നതിനാല്‍ കര്‍ണാടക പൊലീസിന്റെ സഹായവും പൊലീസ് തേടുന്നുണ്ട്. വടകരയിലെ ഒരു കവര്‍ച്ചാകേസിലും സുള്ളയില്‍ ഒരു വീട്ടില്‍ കല്യാണത്തലേന്ന് കാത്തികാട്ടി ഭീഷണിപ്പെടുത്തി കൊള്ളനടത്തിയ കേസിലും പ്രതിയാണ് അസീസെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ കേസില്‍ പൊലീസ് അന്വേഷിക്കുന്നതിനിടെ കാസര്‍കോട്ടേക്ക് മുങ്ങുകയായിരുന്നുവെന്നാണ് വിവരം. 

Related Posts

സുബൈദ വധക്കേസ്: റിമാന്റിലായ പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കും
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.