Type Here to Get Search Results !

Bottom Ad

ആലി മുസ്ലിയാര്‍ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തെ മുന്നില്‍നിന്ന് നയിച്ച പണ്ഡിതന്‍: ഡോ. മോയിന്‍ ഹുദവി


കാസര്‍കോട് (www.evisionnews.co): മലബാറിലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളെ മുന്നില്‍നിന്ന് നയിച്ച പണ്ഡിത തേജസാണ് ആലി മുസ്ലിയാരെന്ന് ചരിത്ര ഗവേഷകന്‍ ഡോ. മോയിന്‍ ഹുദവി മലയമ്മ അഭിപ്രായപ്പെട്ടു. 'ആലി മുസ്ലിയാരും മലബാറിലെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളും' എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ ജില്ലാ സമിതി സംഘടിപ്പിച്ച സെമിനാറില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മലബാറിലെ ആത്മീയ നേതൃത്വം നടത്തിയ ഇടപെടലുകള്‍ സാമ്രാജ്യത്വശക്തികള്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. ആ ചരിത്രത്തെക്കുറിച്ചുള്ള സത്യസന്ധമായ പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നിലവിലെ ചരിത്രം യൂറോപ്പ് കേന്ദ്രീകൃതമായി രചിക്കപ്പെട്ടത് കൊണ്ട് ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടന്ന സ്വാതന്ത്ര്യ പോരാട്ടങ്ങളെ കുറിച്ചുള്ള ചരിത്രമെഴുത്തില്‍ കൃത്യമായ മുസ്ലിം വിരുദ്ധതയാണുള്ളതെന്നും ഇന്ത്യയിലെ സ്ഥിതിയും മറിച്ചല്ലെന്ന് പ്രബന്ധാവതരണം നടത്തിയ ഐ.പി.എച്ച് അസി. ഡയറക്ടര്‍ കെ.ടി ഹുസൈന്‍ പറഞ്ഞു. ആലി മുസ്ലിയാരടക്കമുള്ള ഇന്ത്യയിലെ പണ്ഡിതരാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് വലിയ ഊര്‍ജം പകര്‍ന്നത്. അതിനെ അനാവരണം ചെയ്യുന്ന കൂടുതല്‍ വൈജ്ഞാനിക ചര്‍ച്ചകള്‍ നടക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോള്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് കെ.എം ഷാഫി, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് സി.എ യൂസുഫ് സംസാരിച്ചു. റിസര്‍ച്ച് വിംഗ് ജില്ലാ കണ്‍വീനര്‍ ഇര്‍ഫാന്‍ ഉദുമ സ്വാഗതവും ജില്ലാ സെക്രട്ടറി റാസിക് മഞ്ചേശ്വരം നന്ദിയും പറഞ്ഞു. തബ്ഷീര്‍ ഹുസൈന്‍, ഷഹബാസ് കോളിയാട്ട്, ഫൈസാന്‍ അലി, ജാസര്‍ പടന്ന, സജ്ജാദ് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad