Sunday, 11 February 2018

ബെഹ്റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ടം ലംഘിച്ച്


തിരുവനന്തപുരം (www.evisionnews.co): പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയത് ചട്ടവിരുദ്ധമായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണ് ബെഹ്റക്ക് ചുമതല നല്‍കിയത്. കേഡര്‍ തസ്തികയില്‍ ആറ് മാസത്തിനുള്ളില്‍ കൂടുതലുളള താത്ക്കാലിക നിയമനത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന ചട്ടമാണ് ബെഹ്റയുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടത്. ഐ.പി.എസ് കേഡര്‍ റൂള്‍ പ്രകാരം രണ്ട് കേഡര്‍ തസ്തികകളാണ് കേരളത്തിലുള്ളത്. വിജിലന്‍സ് ഡയറക്ടറുടെയും പൊലീസ്് മേധാവിയുടെയും. നിലവില്‍ രണ്ട് ചുമതലയും ബെഹ്റയാണ് വഹിക്കുന്നത്. 

2017 മാര്‍ച്ച് 31നാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നിന്നു നീക്കിയത്. തുടര്‍ന്ന് ബെഹ്റക്ക് അധിക ചുമതല നല്‍കി. കേന്ദ്ര ചട്ടങ്ങള്‍ പ്രകാരം കേഡര്‍ തസ്തികകളില്‍ ഉദ്യോഗസ്ഥനെ നിയമിക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിവരം അറിയിക്കണം. എന്നാല്‍ ബെഹ്റയുടെ നിയമനം സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചില്ല. മാത്രമല്ല മറ്റൊരാള്‍ക്ക് ആറ് മാസത്തില്‍ കൂടുതല്‍ അധിക ചുമതല നല്‍കാനും പാടില്ല. ഇതും ലംഘിച്ചാണ് ബെഹ്റ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. കേഡര്‍ തസ്തികയില്‍ യോഗ്യരായവരുള്ളപ്പോള്‍ ഒരാളെ തന്നെ എന്തിന് നിയമിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ചോദ്യമുണ്ടാകുമെന്ന് മുന്നില്‍ കണ്ടാണ് ബെഹ്‌റയുടെ നിയമനം കേന്ദ്രത്തില്‍ നിന്നും മറച്ചുവച്ചത്.

Related Posts

ബെഹ്റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ടം ലംഘിച്ച്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.