Friday, 9 February 2018

ചെര്‍ക്കള- കല്ലടുക്ക റോഡ് വഴിതടയല്‍ സമരം അവസാനിപ്പിക്കണം: അബ്ദുല്‍ റസാഖ് എം.എല്‍.എ


ഉപ്പള (www.evisionnews.co): മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഉക്കിനടുക്ക- ചെര്‍ക്കള റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പൗരമുന്നണി നടത്തി വരുന്ന സമാധാന പരമായ ബസ് തടയല്‍ സമരത്തെ അഭിനന്ദിക്കുന്നതായി പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ പറഞ്ഞു. റോഡിന്റെ നെല്ലിക്കട്ടവരെയുള്ള അറ്റകുറ്റപ്പണി പൂര്‍ത്തിയായിട്ടുണ്ട്. നെല്ലിക്കട്ട മുതല്‍ പെര്‍ള ചെക്ക് പോസ്റ്റ് വരെ 19 ലക്ഷം രൂപയുടെ താല്‍ക്കാലിക അറ്റകുറ്റപണിക്ക് അനുമതി ലഭിച്ച് പ്രവൃത്തി ആരംഭിച്ചു. പെര്‍ള ചെക്ക് പോസ്റ്റ് മുതല്‍ അഡ്ക്ക സ്ഥലവരെ 17 ലക്ഷം രൂപയുടെ അനുമതി ലഭിച്ച് പ്രവൃത്തി ആരംഭിച്ചുവെങ്കിലും ജോലി തടഞ്ഞതിനാല്‍ കരാറുകാര്‍ റിപ്പയര്‍ ജോലി ഒഴിവാക്കിയെന്നാണ് അറിയുന്നത്.വീണ്ടും പ്രവൃത്തി ആരംഭിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. 

2014- 15 വര്‍ഷം 30 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിച്ചു. ഈ സമയത്ത് സംസ്ഥാന ഹൈവേയായിരുന്ന ചെര്‍ക്കള - കല്ലടുക്ക റോഡ് കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ ഹൈവേയായി ഏറ്റെടുത്തു. റോഡിന്റെ വീതി 7.5 മീറ്ററാക്കി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി. റോഡിന്റെ വീതി കൂടിയതിനാല്‍ 30 കോടി രൂപയുടെ എസ്റ്റിമേറ്റ് 67 കോടി രൂപയായി വര്‍ധിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് സര്‍ക്കാറിന്റെ ഭരണാനുമതിക്കും സാങ്കേതിക അനുമതിക്കും വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്. 

മാര്‍ച്ച് മാസം ആദ്യം സര്‍ക്കാര്‍ യോഗം വിളിച്ചു ചേര്‍ത്ത് ഭരണാനുമതി നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. റീടാറിംഗ് ശാസ്ത്രീയമായിരുന്നെങ്കില്‍ കാലതാമസമില്ലാതെ ചെറിയ പ്രവൃത്തിയായി ചെയ്യാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ നാഷണല്‍ ഹൈവേ റോഡാക്കി വീതി കൂട്ടി വലിയ പദ്ധതിയാകുമ്പോള്‍ അതിന്റെതായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിക്കാന്‍ കാലതാമസമുണ്ടാകുന്നത് സ്വാഭാവികമാണ്. കാലതാമസമുണ്ടായാലും ദീര്‍ഘകാലം ഈ പ്രവൃത്തി കൊണ്ട് നമുക്ക് പ്രയോജനം ലഭിക്കും.

ഈ സമരത്തിലൂടെ ചെര്‍ക്കള- കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ സര്‍ക്കാറിന്റെയും ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്ന സമരസമിതിയെ പ്രശംസിക്കുന്നു. സര്‍ക്കാറില്‍ നിന്ന് ഭരണാനുമതി ലഭിക്കാത്ത പക്ഷം ജനപ്രതിനിധി എന്ന നിലയില്‍ പൊതുജന സമരത്തോടൊപ്പം താനുമുണ്ടാകും. ഈ സാഹചര്യത്തില്‍ വഴിതടയല്‍ ഉള്‍പ്പെടെയുള്ള സമര മാര്‍ഗ്ഗങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് പൊതുജനങ്ങളോടും സമരസമിതിയോടും അഭ്യര്‍ത്ഥിക്കുന്നു. വാഹന ഉടമകള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സഹകരിച്ച് സമരം അവസാനിപ്പിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.

Related Posts

ചെര്‍ക്കള- കല്ലടുക്ക റോഡ് വഴിതടയല്‍ സമരം അവസാനിപ്പിക്കണം: അബ്ദുല്‍ റസാഖ് എം.എല്‍.എ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.