Type Here to Get Search Results !

Bottom Ad

'മാണിക്യമലരായ പൂവി' ഗാനത്തിന് പിന്തുണയുമായി മുഖ്യമന്ത്രി


തിരുവനന്തപുരം:(www.evisionnews.co)ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'അഡാര്‍ ലവ്' എന്ന സിനിമയിലെ  ഗാനത്തിന് പിന്തുണയുമായി  മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാനത്തിനെതിരെയുള്ള ആക്രമണം സ്വതന്ത്രമായ കലാവിഷ്കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണെന്ന് മുഖ്യമന്ത്രി ഫേസ് ബുക്ക് പേജില്‍ കുറിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'അഡാര്‍ ലവ്' എന്ന സിനിമയിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനവും അതിന്‍റെ ദൃശ്യാവിഷ്കാരവും വലിയ വിവാദവും ചര്‍ച്ചയും ഉയര്‍ത്തിയിരിക്കയാണല്ലോ. അതിനിടയില്‍ ഈ മാപ്പിളപ്പാട്ടിനെതിരെ ഹൈദരാബാദില്‍ ഒരു വിഭാഗം മുസ്ലീം മതമൗലികവാദികള്‍ രംഗത്തുവന്നിരിക്കയാണ്. പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണ് ഗാനം എന്നാരോപിച്ച്‌ അതില്‍ കുറച്ചുപേര്‍ ഹൈദരാബാദിലെ ഒരു പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയതായി മനസ്സിലാക്കുന്നു. ഇതൊന്നും യാദൃച്ഛികമായി കാണാനാകില്ല. സ്വതന്ത്രമായ കലാവിഷ്കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിത്. അസഹിഷ്ണുത ഏതു ഭാഗത്തുനിന്നായാലും അംഗീകരിക്കാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ ഹിന്ദുവര്‍ഗ്ഗീയവാദികളും മുസ്ലീം വര്‍ഗ്ഗീയ വാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

പി.എം.എ ജബ്ബാര്‍ എഴുതിയ ഈ പാട്ട് തലശ്ശേരി റഫീഖിന്‍റെ ശബ്ദത്തില്‍ 1978-ല്‍ ആകാശവാണി സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയാണ് ഈ പാട്ടിന് വലിയ പ്രചാരം നല്‍കിയത്. 'മാണിക്യമലര്‍' പതിറ്റാണ്ടുകളായി മുസ്ലീം വീടുകളില്‍, വിശേഷിച്ച്‌ കല്യാണവേളയില്‍ പാടി വരുന്നുണ്ട്. നല്ല മാപ്പിളപ്പാട്ടുകളില്‍ ഒന്നാണിതെന്ന് പാട്ട് ശ്രദ്ധിച്ചവര്‍ക്കറിയാം. മുഹമ്മദ് നബിയുടെ സ്നേഹവും ഖദീജാബീവിയുമായുളള വിവാഹവുമാണ് പാട്ടിലുളളത്. മതമൗലികവാദികള്‍ക്ക് അവര്‍ ഏതു വിഭാഗത്തില്‍ പെട്ടവരായാലും, എല്ലാതരം കലാവിഷ്കാരത്തെയും വെറുക്കുന്നു എന്ന വസ്തുതയാണ് ഈ വിവാദവും നമ്മെ ഓര്‍മിപ്പിക്കുന്നത്. കലകളിലൂടെയും സാഹിത്യത്തിലൂടെയും മനുഷ്യനു ലഭിക്കുന്ന സന്തോഷവും വിജ്ഞാനവും അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad