Tuesday, 20 February 2018

പ്രതികളെല്ലാം സിപിഎമ്മുകാര്‍: പാര്‍ട്ടിയെ കുരുക്കി പോലീസ് റിപ്പോര്‍ട്ട്


കണ്ണൂര്‍ (www.evisionnews.co): സിപിഎമ്മിനെ കുരുക്കി ഷുഹൈബ് വധക്കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികള്‍ സിപിഎമ്മുകാര്‍ തന്നെയെന്ന് പോലീസ് കോടതിയില്‍ വ്യക്തമാക്കി. കൊലയ്ക്ക് കാരണം എടയന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷത്തില്‍ ഷുഹൈബ് ഇടപെട്ടതാണ് കൊലപാതകത്തിനു പ്രകോപനമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലയാളി സംഘത്തില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. നാലുപേര്‍ ചേര്‍ന്നാണ് വെട്ടിയത്. ആക്രമണം തടയാന്‍ ശ്രമിച്ചവരെയും കൊല്ലാന്‍ നോക്കി. രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തത് മാലൂര്‍ സബ് സ്റ്റേഷന്‍ പരിസരത്തുനിന്നാണെന്നും സ്‌കൂളിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞദിവസം അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ തില്ലങ്കേരി വഞ്ഞേരിയിലെ എം.വി ആകാശ് (24), കരുവള്ളിയിലെ രജിന്‍ രാജ് (26) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിപിഎമ്മിനു കുരുക്കായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഷുഹൈബിനെ വാളുപയോഗിച്ചു വെട്ടിയെന്ന് ഇരുവരും പോലീസിന് മൊഴി നല്‍കിയതായി അറിയുന്നു. കൊലപ്പെടുത്താനല്ല, കാലു വെട്ടാനാണ് ഉദ്ദേശിച്ചിരുന്നതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഷുഹൈബിനു നേരെ ആക്രമണമുണ്ടാകുമെന്നു ചില സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് അറിയാമായിരുന്നുവെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ഫോണ്‍കോള്‍ രേഖകളുടെ പരിശോധനയിലും വ്യക്തമായിട്ടുണ്ട്. 

അതേസമയം, പിടിയിലാകാനുള്ള മൂന്നുപേരെപ്പറ്റിയും വ്യക്തമായ വിവരം ലഭിച്ചെന്നാണു വിവരം. ഈമാസം 12നാണ് എടയന്നൂരില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടത്. രാത്രി പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതിപരത്തിയശേഷം വെട്ടുകയായിരുന്നു. 

Related Posts

പ്രതികളെല്ലാം സിപിഎമ്മുകാര്‍: പാര്‍ട്ടിയെ കുരുക്കി പോലീസ് റിപ്പോര്‍ട്ട്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.