Type Here to Get Search Results !

Bottom Ad

കോണ്‍ഗ്രസുമായുള്ള ബന്ധം: യച്ചൂരിനയം തള്ളുന്നു


ന്യൂഡല്‍ഹി (www.evisionnews.co): തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ചു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെയും കാരാട്ട് പക്ഷത്തിന്റെയും നിലപാടുകള്‍ സിപിഎം കേന്ദ്ര കമ്മിറ്റി (സിസി) ഇന്ന് വോട്ടിനിടും. കൊല്‍ക്കത്തയില്‍ കഴിഞ്ഞ രണ്ടുദിവസം സിസിയില്‍ നടന്ന ചര്‍ച്ചകള്‍ കണക്കിലെടുത്താല്‍, കോണ്‍ഗ്രസുമായി ധാരണപോലും വേണ്ടെന്ന കാരാട്ട് പക്ഷനിലപാട് സിസിയില്‍ വിജയിക്കും.

ഇന്നത്തെ വോട്ടെടുപ്പില്‍ ഫലം കാരാട്ട് പക്ഷത്തിന് അനുകൂലമാണെങ്കില്‍, രാഷ്ട്രീയ അടവുനയത്തെക്കുറിച്ചു പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രന്‍ പിള്ളയും ചേര്‍ന്നു തയാറാക്കിയ ഭാഗമാവും പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കുന്ന കരടുരാഷ്ട്രീയ പ്രമേയത്തില്‍ ഉള്‍പ്പെടുത്തുക. കരട് പ്രമേയത്തിലെ മറ്റു ഭാഗങ്ങളെക്കുറിച്ചു തര്‍ക്കമില്ല.

കോണ്‍ഗ്രസുമായി സഖ്യവും മുന്നണിയും പാടില്ലാത്തപ്പോഴും, ബിജെപിയെ താഴെയിറക്കാന്‍ ധാരണയ്ക്കുള്ള സാധ്യതകള്‍ തുറന്നിടണമെന്നതാണു യച്ചൂരിയുടെ നിലപാട്. എന്നാല്‍, ബിജെപിയെ പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യമെങ്കിലും കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള സഹകരണവും വേണ്ടെന്നാണു കാരാട്ട് പക്ഷത്തിന്റെ വാദം. യച്ചൂരിയുടെ നിലപാട് സിസി വോട്ടിനിട്ട് തള്ളിയാലും തര്‍ക്കം പാര്‍ട്ടി കോണ്‍ഗ്രസിലും തുടരുമെന്ന് ഉറപ്പാണ്. സ്വാഭാവികമായും കരട് രാഷ്ട്രീയ പ്രമേയത്തിന് യച്ചൂരിപക്ഷം ഭേദഗതികള്‍ ഉന്നയിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad