Saturday, 27 January 2018

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ വിക്കി ഗൗണ്ടര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു


ചണ്ഡിഗഡ് (www.evisionnews.co): അതീവസുരക്ഷ ഏര്‍പ്പെടുത്തിയ പഞ്ചാബിലെ നാഭാ സെന്‍ട്രല്‍ ജയില്‍ ചാടി 2016 നവംബറില്‍ ഒളിവില്‍ പോയ കുപ്രസിദ്ധ ഗുണ്ടാതലവന്‍ ഹര്‍ജിന്ദര്‍ സിങ് ഭുള്ളര്‍ എന്ന വിക്കി ഗൗണ്ടറും കൂട്ടാളി പ്രേം ലഹോരിയയും പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പഞ്ചാബ്- രാജസ്ഥാന്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്നലെയാണ് ഇയാളും കൂട്ടാളിയും കൊല്ലപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഈ വെടിവയ്പ്പില്‍ പരുക്കേറ്റ സുഖ്പ്രീത് സിങ് എന്ന ഗുണ്ടാസംഘാംഗം അബോഹറിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. 

പഞ്ചാബ് - രാജസ്ഥാന്‍ അതിര്‍ത്തിയില്‍ വിക്കി ഗൗണ്ടര്‍ ഉണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പഞ്ചാബ് പൊലീസിന്റെ കുറ്റകൃത്യ വിരുദ്ധ യൂണിറ്റാണ് തിരച്ചില്‍ നടത്തിയത്. ഫസില്‍ക്ക ജില്ലയിലെ ഹിന്ദുമല്‍ കോട്ട് ഗ്രാമത്തില്‍ തിരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ വിക്കിയും കൂട്ടാളിയും വെടിയേറ്റു മരിക്കുകയായിരുന്നുവെന്ന് പഞ്ചാബ് സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് ഐജി നീലഭ് കിഷോര്‍ പറഞ്ഞു. രണ്ട് പിസ്റ്റലുകള്‍ ഉള്‍പ്പെടെ മൂന്ന് ആയുധങ്ങള്‍ ഇവരില്‍ നിന്നും കണ്ടെത്തി. വെടിവയ്പ്പില്‍ പരുക്കേറ്റ ഒരു എസ്‌ഐയെയും എഎസ്‌ഐയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു തീവ്രവാദികള്‍ ഉള്‍പ്പെടെ മറ്റ് അഞ്ചു പേരുമായി നവംബര്‍ 2016 ല്‍ നാഭാ ജയില്‍ ചാടിയതോടെയാണ് വിക്കി ഗൗണ്ടര്‍ കുപ്രസിദ്ധി നേടുന്നത്. ഇതില്‍ വിക്കി ഒഴികെയുള്ളവരെ മാസങ്ങള്‍ക്കകം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയ്പാല്‍ സിങ് ആരംഭിച്ച ഗുണ്ടാസംഘത്തിലാണ് ഗൗണ്ടര്‍ ആദ്യം ഇടം നേടിയത്. 2015 ജനുവരിയില്‍ പഞ്ചാബിലെ മറ്റൊരു ഗുണ്ടാതലവനായ സുഖാ കഹല്‍വാനെ കൊലപ്പെടുത്തിയ സംഭവത്തോടെ വിക്കി ഗൗണ്ടര്‍ വാര്‍ത്തകളില്‍ ഇടം നേടി. 

Related Posts

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ വിക്കി ഗൗണ്ടര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.