Type Here to Get Search Results !

Bottom Ad

ആന്‍ഡേഴ്‌സന് യൂത്ത് കോണ്‍ഗ്രസുകാരുടെ ക്രൂരമര്‍ദ്ദനം


തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ പരസ്യമായി ചോദ്യം ചെയ്ത യുവാവിന് ക്രൂരമര്‍ദ്ദനം. കൊല്ലം സ്വദേശി ആന്‍ഡേഴ്‌സാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ച് പൊലീസും മാദ്ധ്യമപ്രവര്‍ത്തകരും മറ്റ്‌സമരക്കാരും നോക്കിനില്‍ക്കെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂരമായി കൈകാര്യം ചെയ്തത്. അടിവറ്റിലുംനെഞ്ചിലും തലയിലും പരിക്കേറ്റ ആന്‍ഡേഴ്‌സനെ മാദ്ധ്യമപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് അക്രമികളില്‍ നിന്ന് രക്ഷിച്ച് ആട്ടോറിക്ഷയില്‍ കയറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ വാരിയെല്ലിന് പൊട്ടലുണ്ടെന്നും തലയുടെ പിന്‍വശത്ത് ക്ഷതങ്ങളുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലിനടുത്തുവെച്ചായിരുന്നു സംഭവം.സ്റ്റാച്യു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് വരികയായിരുന്ന ആന്‍ഡേഴ്‌സനെ മറ്റൊരു സമരപന്തലിന് മുന്നില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞുനിറുത്തി മര്‍ദ്ദിക്കുകയായിരുന്നു. ആന്‍ഡേഴ്‌സ് റോഡ് മുറിച്ച് ശ്രീജിത്തിന്റെ സമരവേദിയിലേക്ക് വരുമ്‌ബോള്‍ യൂത്ത് കോണ്‍ഗ്രസ് സംഘത്തിലെ ചിലര്‍ വിളിച്ചു. രംഗം പന്തിയല്ലെന്ന് തോന്നിയ ആന്‍ഡേഴ്‌സണ്‍ പെട്ടെന്ന്‌പൊലീസ് നില്‍ക്കുന്ന ഭാഗത്തേക്ക് നടന്നു.ഇതിനിടയില്‍ 'ഇവനാണ് രമേശ് ചെന്നിത്തലയെ ആക്ഷേപിച്ച'തെന്ന് ഒരു യുവതി വിളിച്ചുപറയുന്നുണ്ടായിരുന്നു. 'തൊട്ടടുത്ത നിമിഷം ആരോ തലയ്ക്ക്പിന്നില്‍ കല്ലുപോലുള്ള എന്തോകൊണ്ട് ശക്തമായി അടിച്ചു. അടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണപ്പോള്‍ പിന്നാലെയെത്തിയവര്‍ ചവിട്ടിയും കുത്തിയും മര്‍ദ്ദിച്ചു. ഒരുവിധത്തില്‍ അലറിക്കരഞ്ഞ് പൊലീസിന്റെ അടുത്തേക്ക് ഓടുമ്‌ബോഴേക്കും പിന്നില്‍ നിന്ന് നടുവില്‍ ചവിട്ടിവീഴ്ത്തി. പിന്നീട് ക്രൂരമായ മര്‍ദ്ദനമാണ് നടന്നത്.' ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. സംഭവമെല്ലാം പൊലീസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു.മറ്റൊരു പ്രകടനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരാണ് ഓടിയെത്തി അക്രമികളില്‍ നിന്ന് രക്ഷിച്ചത് വാഹനത്തില്‍ കയറ്റിവിട്ടത്. അപ്പോഴേക്കും ബോധം നഷ്ടപ്പെട്ടിരുന്നു.വാഹനത്തില്‍ കൂടെകയറിയവരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. 

കഴിഞ്ഞ ദിവസംകൊല്ലത്തെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു. ഫോണിലും വധഭീഷണിയുണ്ടായിരുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.മാവേലിക്കരയിലെ ഒരു ഫോണ്‍ നമ്ബറില്‍നിന്നാണ് ഫോണില്‍ ഭീഷണിവന്നത്. രമേശ് ചെന്നിത്തലയ്‌ക്കെതിരെ സംസാരിച്ചതല്ലെന്നും വസ്തുതകള്‍ തുറന്നുപറയുക മാത്രമാണുണ്ടായതെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡിമരണത്തെകുറിച്ച് സി.ബി. ഐ. അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയറ്റ് നടയില്‍ കഴിഞ്ഞ 780 ദിവസങ്ങളായി സമരം നടത്തുന്ന പാറശ്ശാല സ്വദേശി ശ്രീജിത്തിനെ കാണാന്‍രമേശ് ചെന്നിത്തല എത്തിയപ്പോഴാണ്ആന്‍ഡേഴ്‌സണിനോട് പാര്‍ട്ടിക്കാര്‍ക്ക് വൈരാഗ്യം തോന്നാനിടയാക്കിയ സംഭവമുണ്ടായത്. ശ്രീജിത്ത് നിയമസഹായം ചെയ്യുമെന്നും അക്രമികളെ പിടികൂടാന്‍സഹായിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞപ്പോള്‍ 'അങ്ങ് ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ഇതേകാരണം പറഞ്ഞ് താനും ശ്രീജിത്തും കാണാന്‍ വന്നിരുന്നുവെന്നും സമരമൊന്നും ചെയ്യേണ്ട,സെക്രട്ടേറിയറ്റ് നടയില്‍ കിടന്നാല്‍ ഭയങ്കര കൊതുകുകടികൊള്ളേണ്ടിവരു'മെന്ന് പറഞ്ഞ് അന്ന് പരിഹസിച്ചുവിട്ടുവെന്നും ആന്‍ഡേഴ്‌സണ്‍ രമേശ് ചെന്നിത്തലയെ ഓര്‍മ്മിപ്പിച്ചു.ഇതാണ് വിവാദമായത്.

Post a Comment

0 Comments

Top Post Ad

Below Post Ad