Type Here to Get Search Results !

Bottom Ad

പ്ലസ് വണ്‍ അഡ്മിഷന്‍: മെറിറ്റ് സീറ്റില്‍ മാനേജ്മെന്റ് പകല്‍കൊള്ള അവസാനിപ്പിക്കണം: എം.എസ്.എഫ്


കാസര്‍കോട് (www.evisionnews.in): രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും കബളിപ്പിച്ച് മാനേജ്മെന്റ് മെറിറ്റ് സീറ്റിന് അര്‍ഹരായവരെ അഡ്മിഷന്‍ നടപടികള്‍ക്ക് മുന്നോടിയായി മണിക്കൂറുകളോളം മാനേജ്മന്റ് ഓഫീസിന് മുന്നില്‍ ക്യു നിര്‍ത്തുകയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് ഭീമമായ തുക ചോദിച്ചുവാങ്ങുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളില്‍ ആദ്യഘട്ട അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിലുള്ള മെറിറ്റ് സീറ്റിലേക്കുള്ള അഡ്മിഷന്‍ നടക്കുന്ന സാഹചര്യത്തിലാണ് പ്രിന്‍സിപ്പലിനെയും അധ്യാപകരെയും നോക്കുകുത്തിയാക്കി പകല്‍കൊള്ള തുടരുന്നത്. 

അലോട്ട്‌മെന്റ് സ്ലിപ്പില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോഴ്‌സ് ഫീസ്, പി.ടി.എ ഫണ്ട് എന്നിവക്ക് പുറമെയാണ് റെസിപ്റ്റ് നല്‍കാതെയും നല്‍കിയും ഭീമമായ തുക ചോദിച്ചുവാങ്ങുന്നത്. ആദ്യ അലോട്ട്‌മെന്റില്‍ സീറ്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ എ പ്ലസ് ലഭിച്ചവരും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവരുമാണ്. അവരെ പോലും മാനസികമായി പീഡിപ്പിക്കുന്ന നടപടിയാണ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. വിദ്യാര്‍ത്ഥികളെ മാനസികമായി തളര്‍ത്തുന്ന രീതിയിലുള്ള ആക്ഷേപ വാക്കുകളും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടിവരുന്നതായും പരാതിയുണ്ട്.

പണം നല്‍കിയതിന്റെ രസീതി നല്‍കാത്തതിനെ കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ അത് അവര്‍ ആവശ്യപ്പെടാത്തത് കൊണ്ടാണ് എന്ന ന്യായീകരണമാണ് അധികൃതരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. പണം നല്‍കാന്‍ പ്രയാസമാണെന്ന് അറിയിച്ചാല്‍ മാനേജ്മന്റ് വക ഭീഷണിയും ഉണ്ടാകുന്നതായി നേതാക്കള്‍ അറിയിച്ചു.

സര്‍ക്കാര്‍ മാനേജ്‌മെന്റിന് അനുവദിച്ച കമ്മ്യൂണിറ്റി ക്വാട്ട സ്വന്തക്കാര്‍ക്കും ഇഷ്ട്ടക്കാര്‍ക്കും വീതംവെച്ച് കൊടുത്താണ് മെറിറ്റ് വിദ്യാര്‍ത്ഥികളോട് കഴുത്തറുപ്പന്‍ സമീപനം നടത്തിയത്. നാലു ദിവസങ്ങളിലായി നൂറിലധികം വിദ്യാര്‍ത്ഥികളെ മെറിറ്റ് അഡ്മിഷന്‍ നടത്തിയതിലൂടെ ലക്ഷകണക്കിന് രൂപയാണ് മാനേജ്മെന്റ് കൈക്കലാക്കിയത്. ന്യൂനപക്ഷങ്ങളുടെ പേര് പറഞ്ഞ് എല്ലാ ആനുകൂല്യങ്ങളും കൈക്കലാക്കി പാവങ്ങളെ ചൂഷണം ചെയ്യുകയാണ് മാനേജ്മന്റ്. ഇത് പരസ്യമായ പിച്ചയെടുക്കലാണെന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും പിടിച്ചുവാങ്ങിയ പണം തിരിച്ചുനല്‍കിയില്ലെങ്കില്‍ ഇത്തരം മാനേജ്‌മെന്റുകള്‍ക്കെതിരെ ശക്തമായ സമരത്തിന് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad