Type Here to Get Search Results !

Bottom Ad

സെക്ഷന്‍ വിഭജിച്ചിട്ടും കുമ്പളയില്‍ വൈദ്യുതി മുടക്കത്തിന് ഒരു കുറവുമില്ല


കുമ്പള (www.evisionnews.in): കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ് വിഭജിച്ച് രണ്ടാക്കിയിട്ടും കുമ്പളയിലെ വൈദ്യുതി മുടക്കത്തിനു ശമനമില്ല. കുമ്പള സെക്ഷന്‍ പരിധിയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായാണ് പെര്‍ളയിലും സീതാംഗോളിയിലും പുതുതായി രണ്ടു സെക്ഷന്‍ ഓഫീസുകള്‍ തുറന്നത്. 

കുമ്പള സെക്ഷന്‍ പരിധിയില്‍ വരുന്ന കാല്‍ ലക്ഷത്തോളം ഉപഭോക്താക്കളെ ഉള്‍ക്കൊള്ളാനാവുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ഉപഭോക്താക്കള്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സെക്ഷന്‍ ഓഫീസ് വിഭജിച്ച് പെര്‍ളയിലും സീതാംഗോളിയിലും സെക്ഷന്‍ ഓഫീസുകള്‍ സര്‍ക്കാര്‍ അനുവദിച്ചുനല്‍കിയത്. എന്നാല്‍ ഈ പ്രദേശത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഇനിയും പരിഹാരമായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

ദിവസേന പകല്‍ സമയങ്ങളില്‍ മണിക്കൂറുകള്‍ ഇടവിട്ടാണ് വൈദ്യുതി മുടങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു ചെറിയ കാറ്റടിച്ചാല്‍ മതി കുമ്പളയും പരിസരവും ഇരുട്ടിലാവും. ഇത് രാത്രി കാലങ്ങളിലായെങ്കിലാണ് ഏറെ ദുരിതമാവുന്നത്. കൊതുകുശല്യവും പടരുന്ന മഴക്കാല രോഗങ്ങളും അധികരിച്ച സാഹചര്യത്തിലും വൈദ്യുതി മുടക്കം പതിവാവുന്നത് പരിസരവാസികളെ ആകെപ്പാടെ വിഷമത്തിലാക്കിയിട്ടുണ്ട്. 

സെക്ഷന്‍ വിഭജിച്ചാല്‍ വൈദ്യുതി പ്രതിസന്ധി മാറുമെന്ന് കരുതിയ ജനം ഇപ്പോള്‍ ആവശ്യത്തിന് ജീവനക്കാരും സാമഗ്രികളുമൊക്കെ ഉണ്ടായിട്ടും വൈദ്യുതി മുടക്കത്തിനെന്തേ കുറവില്ലാത്തതെന്നാണ് ചോദിക്കുന്നത്. നേരിയ കാറ്റു വന്നാല്‍ തന്നെ വൈദ്യുതി അപ്രത്യക്ഷമാകും. കമ്പി പൊട്ടലോ മറ്റോ ഉണ്ടായി വൈദ്യുതി തടസം നേരിട്ടാല്‍ പോലും പുനഃസ്ഥാപിക്കുന്നത് മണിക്കൂറുകള്‍ കഴിഞ്ഞോ പിറ്റേന്നോ ആണ്. കൂടുതല്‍ ഉപഭോക്താക്കളെ പുതിയ സെക്ഷനുകളിലേക്ക് മാറ്റുന്നതടക്കമുള്ള നടപടികള്‍ അടിയന്തിരമായി ചെയ്ത് പ്രദേശത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നണ് നാട്ടുകാര്‍ പറയുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad