Type Here to Get Search Results !

Bottom Ad

പാലക്കാട് കോച്ച് ഫാക്ടറി കടത്തിക്കൊണ്ട് പോകാനുള്ള തീരുമാനം പുനഃപരിശോധിക്കണം:പി കരുണാകരന്‍ എംപി

കാസര്‍കോട്:(www.evisionnews.in)പാലക്കാട് കോച്ച് ഫാക്ടറി കടത്തിക്കൊണ്ടുപോകാനുള്ള  തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനും നല്‍കിയ നിവേദനത്തില്‍ പി കരുണാകരന്‍ എംപി ആവശ്യപ്പെട്ടു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് അനുവദിച്ചതാണ് പാലക്കാട് കോച്ച് ഫാക്ടറി. പാലക്കാടിനെ വെട്ടിമുറിച്ച് സേലം ഡിവിഷന്‍ തുടങ്ങുന്നതിന്റെ ഭാഗമായി കോച്ച് ഫാക്ടറിയും സ്ഥലംമാറ്റി കൊണ്ടുപോകാന്‍ നീക്കമുണ്ടായിരുന്നു. ഇതിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. തമിഴ്‌നാടിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് റെയില്‍വേ പാലക്കാട് ഡിവിഷന്‍ വിഭജിക്കാന്‍ നടപടി തുടങ്ങിയത്.
അന്ന് റെയില്‍വേ മന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവുമായി നടത്തിയ ചര്‍ച്ചയില്‍ പാലക്കാട് കോച്ച് ഫാക്ടറിയും ആലപ്പുഴ വാഗണ്‍ ഫാക്ടറിയും കേരളത്തിന് അനുവദിച്ച മറ്റ് പദ്ധതികളും നടപ്പാക്കുമെന്ന് ലാലുപ്രസാദ് യാദവ് ഉറപ്പുനല്‍കിയിരുന്നു. കോച്ച് ഫാക്ടറി കേരളത്തിന് അനുവദിക്കാനുള്ള ചര്‍ച്ചയില്‍ സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ സജീവമായി പങ്കെടുത്തിരുന്നു. ഈ പദ്ധതികള്‍ക്കാവശ്യമായ സ്ഥലം സംസ്ഥാനം നല്‍കിയിരുന്നു. പാലക്കാടിനൊപ്പം അനുവദിച്ച റായ്ബറേലിയില്‍ കോച്ച് ഫാക്ടറി പ്രവര്‍ത്തനം തുടങ്ങി.  മാത്രമല്ല, അത് റെയില്‍വേയുടെ സ്വന്തം സംരംഭവുമാണ്. പാലക്കാട് കോച്ച് ഫാക്ടറി സ്വകാര്യ പങ്കാളിത്തതോടെ നടത്താനാണ് ആലോചിച്ചത്. ഇതിനെ തുടര്‍ന്നാണ് കോച്ച് ഫാക്ടറി നിര്‍മാണം അനിശ്ചിതത്വത്തിലായത്. കോച്ച് ഫാക്ടറി കടത്തിക്കൊണ്ടുപോകാനുള്ള തീരുമാനം അംഗീകരിക്കാനാവില്ല. ഫാക്ടറിക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാരും എം ബി രാജേഷ് എംപിയും അറിയിച്ചതാണ്. എന്നിട്ടും കോച്ച് ഫാക്ടറി മാറ്റാനുള്ള തീരുമാനത്തിലാണ് റെയില്‍വേ. ഇത് തിരുത്താന്‍ കേന്ദ്രം തയ്യാറാകണമെന്ന് പി കരുണാകരന്‍ എംപി അഭ്യര്‍ഥിച്ചു.  

Post a Comment

0 Comments

Top Post Ad

Below Post Ad