Type Here to Get Search Results !

Bottom Ad

നാട്ടുനന്മകള്‍ പകര്‍ന്ന് തണല്‍ വേനലവധിക്കാലം



ഉദുമ (www.evisionnews.in): നാട്ടറിവും പാട്ടറിവുമായി തണല്‍ വേനലവധി ക്യാമ്പ് കുട്ടികള്‍ക്ക് നവ്യാനുഭവമായി. ഓക്‌സിജന്‍ ഇന്ത്യയാണ് രണ്ടു ദിവസത്തെ തണല്‍ വേനലവധിക്കാലം ഉദുമ ഉദയമംഗലം ചെരിപ്പാടി കാവില്‍ നടത്തിയത്. കമ്പ്യൂട്ടറിലും മൊബൈലിലും ഗെയിം കളിച്ചും ടിവിക്ക് മുന്നില്‍ ചടഞ്ഞിരുന്നും അവധിക്കാലം കഴിച്ചു പോരുന്ന കുട്ടികളുടെ മനസിനും ശരീരത്തിനും ഉണര്‍വ് പകരുന്നതാണ് ക്യാമ്പ്. ചെരിപ്പാടി കാവിന്റെ തണുപ്പില്‍ കുട്ടികള്‍ നാട്ടുനന്മകള്‍ മതിവോളം കണ്ടുംകേട്ടും ആസ്വദിച്ചു. ക്യാമ്പ് വീക്ഷിക്കാന്‍ മുതിര്‍ന്നവരും എത്തിയിരുന്നു.

ആദ്യദിനത്തില്‍ നാട്ടുവര്‍ത്തമാനമാനത്തോടെയാണ് ക്യാമ്പ് തുടങ്ങിയത്. റഹ്മാന്‍ തായലങ്ങാടി, ഡോ: പി.എ അബൂബക്കര്‍, ഷരീഫ് കുരിക്കള്‍ കുട്ടികളോട് നാട്ടുവര്‍ത്തമാനം പറഞ്ഞ് ക്യാമ്പിനെ ഹരംകൊള്ളിച്ചു. തുടര്‍ന്ന് നടന്ന കുരുത്തോലക്കളരിയില്‍ പണ്ടാരത്തില്‍ അമ്പു കുട്ടികള്‍ക്ക് പരിശീലനം നല്‍കി. ചിത്രം വരയില്‍ ബറോഡ എം.എസ് യൂണിവേഴ്‌സിറ്റിയിലെ അനില്‍ തമ്പായി, ഒപ്പരത്തില്‍ ബാലചന്ദ്രന്‍ കൊട്ടോടി, പാട്ടറിവില്‍, സംഗീത സംവിധായകന്‍ അറക്കല്‍ നന്ദകുമാര്‍, നാട്ടുഭാഷയില്‍ ഡോ: അംബികാസുതന്‍ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം പങ്കെടുത്തു.

വൈകിട്ട് ഉദുമ ബസാറില്‍ അറക്കല്‍ നന്ദകുമാറിന്റെ സംഗീത സായാഹ്നം ആസ്വാദകര്‍ക്ക് പുതിയൊരു അനുഭവമായി. റഹ്മാന്‍ പൊയ്യയില്‍ ആമുഖം നടത്തി. ഞായറാഴ്ച രാവിലെ പത്ത് മണിക്ക് കൊയക്കട്ടയില്‍ ചിത്രകാരന്‍ കെ.എ ഗഫൂര്‍, എഴുത്തുകാരന്‍ പ്രൊഫ: എം.എ. റഹ്മാന്‍, കവി ദിവാകരന്‍ വിഷ്ണു മംഗലം പങ്കെടുത്തു . നാട്ടുവൈദ്യത്തിന്റെയും നാട്ടറിവുകളുടെയും അക്ഷയഖനിയായ അന്നമ്മ ദേവസ്യ മുക്കം കുട്ടികളുമായിസംവദിച്ചു. നിരവധി ഔഷധ ചെടികളെ പറ്റി കുട്ടികള്‍ക്ക് അറിവു പകര്‍ന്നു നല്‍കി. കച്ചറ യി ല്‍ നിന്നും എന്ന പരിപാടിയില്‍ ന്യൂഡല്‍ഹി ഐ.ഐ.ടി യിലെ സുബിന്‍ പാഴ്വസ്തുക്കള്‍ കൊണ്ട് കളിപ്പാട്ടം ഉണ്ടാക്കുന്ന രീതി പറഞ്ഞു കൊടുത്തു.

സമാപന സമ്മേളനത്തില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഓക്‌സിജന്‍ ഇന്ത്യ പ്രസിഡണ്ട് രഘുനാഥ് അധ്യക്ഷത വഹിച്ചു.കോ-ഓര്‍ഡിനേറ്റര്‍ പി.വി.മനോജ് കുമാര്‍ സ്വാഗതം പറഞ്ഞു. ഉദുമ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. സന്തോഷ്‌കുമാര്‍, കെ. പ്രഭാകരന്‍, ഓക്‌സിജന്‍ ഇന്ത്യ കണ്‍വീനര്‍ പി. വിശാലാക്ഷന്‍ പ്രസംഗിച്ചു.





Post a Comment

0 Comments

Top Post Ad

Below Post Ad