കാസര്‍കോട്(www.evisionnews.in): ജില്ലയില്‍ വാഹനങ്ങളുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ദ്ധിക്കുന്നു. അതിനനുസരിച്ച് റോഡുകള്‍ വാഹനങ്ങളെ കൊണ്ടും വീര്‍പ്പുമുട്ടുന്നു. വാഹനക്കുടുക്കും ഗതാഗതതടസ്സവും പതിവാവുകയും യാത്രക്കാര്‍ വിഷമിക്കുകയും ചെയ്യുന്നു. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം തുടങ്ങിയ ടൗണുകളിലെ ഗതാഗത കുരുക്കിന് അറുതി ഉണ്ടാക്കാന്‍ ഇനിയും അധികൃതര്‍ക്ക് കഴിയുന്നില്ല. ഓണം, പെരുന്നാള്‍, ക്രിസ്‌മസ്, വിഷു ആഘോഷവേളകളില്‍ ടൗണിലെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ ട്രാഫിക്ക് പൊലീസിന് നല്ലപാടുപെടേണ്ടിവരുന്നു. വാഹനങ്ങളുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിക്കുമ്പോഴും റോഡു വികസനമോ, ആസൂത്രിത നഗരവികസനമോ നടക്കുന്നില്ല. മാത്രമല്ല, റോഡ് കൈയ്യേറ്റങ്ങള്‍ തുടരുകയും ചെയ്യുന്നു. ടൗണുകളില്‍ മാത്രമല്ല, നാട്ടിന്‍ പുറങ്ങളില്‍ പോലും പാര്‍ക്കിംഗ് സൗകര്യമില്ലാതെ വാഹനങ്ങള്‍ ബുദ്ധിമുട്ടുന്നു. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ മൂന്ന് മടങ്ങ് വര്‍ദ്ധന ഉണ്ടായതായാണ് ഔദ്യോഗികമായ കണക്ക്. 2007ല്‍ കാസര്‍കോട് ആര്‍ ടി ഒ ഓഫീസില്‍ 5554 വാഹനങ്ങളും കാഞ്ഞങ്ങാട് 5460 വാഹനങ്ങളുമാണ് രജിസ്റ്റര്‍ ചെയ്‌ത. 2016-2017ല്‍ കാസര്‍കോട്ട് ഇത് 14958വും കാഞ്ഞങ്ങാട് 15553 വും ആയി വര്‍ധിച്ചു. 2009-2010ല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാസര്‍കോട് -9,599 കാഞ്ഞങ്ങാട്-10,181 എന്നിങ്ങനെയായിരുന്നു. 2011-12 മുതലാണ് ജില്ലയില്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷനില്‍ വന്‍ വര്‍ദ്ധനവുമണ്ടായത്.
നോട്ട് പ്രതിസന്ധി നേരിട്ട കഴിഞ്ഞ ഡിസംബറില്‍ മാത്രമാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്നും ആളുകള്‍ പിന്തിരിഞ്ഞത്. ഡിസംബറില്‍ കാസര്‍കോട്ട് 732 വാഹനങ്ങളും കാഞ്ഞങ്ങാട്ട് 822 വാഹനങ്ങളും മാത്രമാണ് രജിസ്റ്റര്‍ ചെയ്‌തത്. മറ്റ് മാസങ്ങളില്‍ ഇത് ശരാശരി 1500 വരെയായിരുന്നു ഏറ്റവുമൊടുവില്‍ ഏപ്രിലില്‍ കാസര്‍കോട്ട് 1217വും കാഞ്ഞങ്ങാട്ട് 1174വും പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തു.
Post a Comment
0 Comments