Type Here to Get Search Results !

Bottom Ad

ഭെൽ ഇ.എം.എൽ: സംസ്ഥാന സർക്കാർ നിസ്സംഗത വെടിയണം: എ. അബ്ദുൽ റഹ്മാൻ


കാസർകോട് (www.evisionnews.in): കേന്ദ്ര സർക്കാരും ഭെൽ അധികൃതരും കയ്യൊഴിയാൻ തീരുമാനിച്ച കാസർകോട് ഭെൽ ഇ.എം.എൽ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ നിസ്സംഗത അവസാനിപ്പിക്കണമെന്ന് എസ്. ടി. യു ദേശീയ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.
ജില്ലയിലെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനമായിരുന്ന കെൽ യൂണിറ്റ് ഭെല്ലിന് കൈമാറി ആറ് വർഷം കഴിയുമ്പോൾ കമ്പനി തകർച്ചയുടെ വക്കിലെത്തുകയും ജീവനക്കാരുടെ അവകാശങ്ങൾ ഒന്നൊന്നായി ഇല്ലാതാവുകയും ചെയ്തിരിക്കുന്നു. 2011 മാർച്ച് 28ന് ഒരു കൂടിയാലോചനയും നടത്താതെ തൊഴിലാളി താൽപര്യങ്ങൾ സംരക്ഷിക്കാതെ കേവലം പത്തരകോടി രൂപാ വില കണക്കാക്കി കമ്പനി കൈമാറിയ എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിലിരിക്കുമ്പോൾ ഭെല്ലിന്റെ കൈവശമുള്ള 51 ശതമാനം ഓഹരികയ്യൊഴിയാൻ തീരുമാനിച്ചതറിയിച്ച് നാല് കത്തകൾ സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടുo സർക്കാർ നിസ്സംഗത പുലർത്തുകയാണ്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ ആദ്യത്തെ കത്ത് മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു. സെപ തമ്പറിൽ രണ്ട് കത്തുകളും ഏറ്റവുമൊടുവിൽ കഴിഞ്ഞ മാസം 22നുമാണ് കേന്ദ്രമന്ത്രി കേരളാ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുള്ളത്.
കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിലേറിയപ്പോൾ പൂർണ്ണമായും ഭെൽ ഏറ്റെടുക്കുമെന്നും പ്രവർത്തന മൂലധനമായി 50 കോടി രൂപ അനുവദിക്കുമെന്നും വാഗ്ദാനം നൽകി ബി.എം.എസ് യൂണിയനുണ്ടാക്കിയ ബി.ജെ.പി ജില്ലാ നേതാക്കൾ നിലപാട് വ്യക്തമാക്കണം.
വൻ വികസന പദ്ധതികൾ വരുമെന്നും ജീവനക്കാർക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും വർദ്ധിക്കുമെന്നും വ്യാജ പ്രചരണം നടത്തിയാണ് കമ്പനി വില്പന നടത്തിയത്.
കഴിഞ്ഞ യു.ഡി.എഫ്.സർക്കാർ മൂന്ന് പ്രാവശ്യം ഉന്നതതല യോഗങ്ങൾ വിളിക്കുകയും യൂണിയനുകളുമായും നേതാക്കളുമായും ചർച്ചകൾ നടത്തുകയും, വ്യവസായ വകുപ്പ് മന്ത്രി കമ്പനി സന്ദർശിക്കുകയും ചെയ്തിരുന്നു.
കമ്പനി വില്പന നടത്തിയ എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്ന് 10 മാസമായിട്ടും കേന്ദ്രവും ഭെല്ലും, നാല് പ്രാവശ്യം വേണ്ടെന്ന് പറഞ്ഞിട്ടും, ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളും ,ജില്ലാ വികസന സമിതിയം പ്രമേയങ്ങൾ മുഖേനയും ജനപ്രതിനിധികളും, ജന നേതാക്കളും നേരിൽ അഭ്യർത്ഥിച്ചിട്ടും ഒരു യോഗമെങ്കിലും വിളിച്ച് ചേർക്കാനോ ഇക്കാര്യത്തിൽ ഒരു നിലപാടെങ്കിലും സ്വീകരിക്കാനോ തയ്യാറാകാത്ത സംസ്ഥാന സർക്കാർ ദുരഭിമാനം വെടിഞ്ഞ് സ്ഥാപനത്തേയും ജീവനക്കാരെയും സംരക്ഷിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad