Type Here to Get Search Results !

Bottom Ad

ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു


തിരുവനന്തപുരം (www.evisionnews.in): വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫോണ്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാരിന്റെ നയമല്ല. അടിയന്തരപ്രമേയ നോട്ടീസില്‍ പറയുന്നതു പോലുള്ള പരാതിയല്ല ജേക്കബ് തോമസ് നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫോണ്‍ ചോര്‍ത്തി എന്ന വാര്‍ത്ത അന്വേഷിക്കാനാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടത്. ജേക്കബ് തോമസിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്. വിജിലന്‍സിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ പരാതി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശീതയുദ്ധം നിലനില്‍ക്കുകയാണ്. ആഭ്യന്തരവകുപ്പ് അറിയാതെ ഇത്തരത്തില്‍ നടപടിയുണ്ടാകില്ല. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ജേക്കബ് തോമസ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് മുഖ്യമന്ത്രിയേയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

സര്‍ക്കാര്‍ വാദം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പരാതി ഗൗരവമുള്ളതല്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അത്ഭുതപ്പെടുത്തുന്നു. ഒന്നുകില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരാന്‍ ജേക്കബ് തോമസ് ആരോപണം ഉന്നയിക്കുന്നു. അല്ലെങ്കില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാകും പരാതി നല്‍കിയത്.

ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന്റെ പരാതിയില്‍ ഡിജിപി റാങ്കില്‍ കുറഞ്ഞ ഉദ്യോഗസ്ഥര്‍ക്ക് അന്വേഷിക്കുന്നത് ശരിയല്ല. വിഷയം ഐ ബി പോലുള്ള കേന്ദ്ര തലത്തിലുള്ള ഏജന്‍സി അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പ്രസ്താവിച്ച പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad