Friday, 12 August 2016

യു.ഡി.എഫില്‍ അങ്കലാപ്പ് മൂര്‍ഛിപ്പിക്കാന്‍ സി.പി.എം: ലീഗിനെ സ്വാഗതം ചെയ്ത് ദേശാഭിമാനി



കോട്ടയം (www.evisionnews.in): യു.ഡി.എഫ് വിട്ട മാണിക്ക് പിന്നാലെ മുസ്ലിം ലീഗിനെയും പരോക്ഷമായി സ്വാഗതം ചെയ്ത് ദേശാഭിമാനിയുടെ മുഖപ്രസംഗം. വര്‍ഗ്ഗീയ കക്ഷി എന്നാരോപിച്ച് ആരെയും മാറ്റിനിര്‍ത്തേണ്ടതില്ലെന്നും ആര്‍.എസ്.പിയും ജെ.ഡിയു അടക്കമുള്ളവരും പുനര്‍വിചിന്തനത്തിന് തയാറാകണമെന്നും മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു. നിയമസഭയില്‍ ഭൂരിപക്ഷം ഉള്ളതുകൊണ്ട് എല്‍.ഡി.എഫ് വിപുലീകരിക്കേണ്ടതില്ലെന്ന വാദം ശരിയല്ലെന്നും മുഖപ്രസംഗത്തിലുണ്ട്.

മുന്നണി വിടാനുള്ള കേരള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ ഉറഞ്ഞുതുള്ളിയ കോണ്‍ഗ്രസ് നേതൃത്വം പത്തി മടക്കിയിരിക്കുന്നുവെന്നും മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന്റെ പാതയില്‍, അവശേഷിക്കുന്ന കക്ഷികള്‍കൂടി സഞ്ചരിക്കുമെന്ന ഭയമാണ് കോണ്‍ഗ്രസിനെ കടുത്ത നിലപാടുകളില്‍നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതമാക്കിയതെന്നും മുഖപ്രസംഗം തുറന്നടിച്ചു.

സ്വന്തം സ്വാധീനത്തില്‍ മധ്യകേരളത്തില്‍ നിലനില്‍ക്കാമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് കേരള കോണ്‍ഗ്രസ് മുന്നണി ഉപേക്ഷിച്ചത്. മലബാറില്‍ ലീഗും ഇത്തരമൊരു പ്രതീക്ഷ പുലര്‍ത്തുന്നു. ഈ രണ്ടു കക്ഷികളും ഇല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ ഇരുളിലാകുമെന്നത് നിസ്തര്‍ക്കമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് യുഡിഎഫ് കക്ഷികള്‍ ആത്മപരിശോധന നടത്തണമെന്ന സിപിഐ എമ്മിന്റെ നിലപാട് പ്രസക്തമാകുന്നന്നെും മുഖപ്രസംഗത്തിലുണ്ട്. 

ജനകീയപ്രശ്നങ്ങളില്‍ വിശാലമായ ഐക്യം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസുമായും ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്ന മറ്റ് കക്ഷികളുമായും സഹകരിക്കാവുന്ന ഒട്ടേറെ മേഖലകളുണ്ടെന്നും ഇവിടെ വര്‍ഗീയത ആരോപിച്ച് ആരെയെങ്കിലും തീണ്ടാപ്പാടകലെ നിര്‍ത്തുന്നതില്‍ ന്യായീകരണമില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. നേരത്തെ എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന ആര്‍എസ്പി, ജനതാദള്‍ കക്ഷികളും അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പുനര്‍ചിന്തനത്തിന് തയാറാകേണ്ടിവരുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.


Keywords: Kasaragod-news-udf-league-cpm

Related Posts

യു.ഡി.എഫില്‍ അങ്കലാപ്പ് മൂര്‍ഛിപ്പിക്കാന്‍ സി.പി.എം: ലീഗിനെ സ്വാഗതം ചെയ്ത് ദേശാഭിമാനി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.