Type Here to Get Search Results !

Bottom Ad

ജഡ്ജുമാരുടെ അഭാവം: ജില്ലയില്‍ കെട്ടിക്കിടക്കുന്നത് ഇരുപതിനായിരത്തോളം കേസുകള്‍

കാസര്‍കോട് (www.evisionnews.in): നീതിന്യായ വകുപ്പിലെ കെടുകാര്യസ്ഥതമൂലം ജില്ലയില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് 19,815 കേസുകള്‍. ഇതില്‍ പത്തുവര്‍ഷത്തിലധികം കാലപ്പഴക്കമുള്ള നൂറിലധികം കേസുകളുണ്ട്. ജില്ലാ കോടതിയില്‍ പത്തുവര്‍ഷം പഴക്കമുള്ള 22 കേസുകളും അഞ്ചു മുതല്‍ പത്തുവര്‍ഷം വരെയുള്ള 65 കേസുകളുമടക്കം 1981 കേസുകളാണ് ഇങ്ങനെ കെട്ടിക്കിടക്കുന്നത്. ഇതില്‍ 54 എണ്ണം ക്രിമിനല്‍ കേസുകളാണ്. രണ്ടുമുതല്‍ അഞ്ചുവര്‍ഷം വരെയുള്ള 303 ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ 357 കേസുകള്‍ വേറെയുമുണ്ട്. രണ്ടുവര്‍ഷത്തില്‍ താഴെയുള്ള 1537 കേസുകളാണുള്ളത്. ഇതില്‍ 1041 എണ്ണവും ക്രിമിനല്‍ കേസുകളാണ്. 

ജില്ലയില്‍ നിയമിതരായ ജഡ്ജിമാര്‍ ചുമതലയേല്‍ക്കാന്‍ മടിക്കുന്നതും സ്ഥലംമാറിപ്പോയാല്‍ പകരം നിയമനം നടത്താത്തതുമാണ് കേസുകള്‍ ഇങ്ങനെ തീര്‍പ്പാകാതെ കിടക്കുതിന്റെ കാരണം. കാസര്‍കോട് സബ്‌കോടതിയില്‍ 579 കേസുകള്‍ തീര്‍പ്പാകാനുണ്ട്. ഇതില്‍ 309 എണ്ണം ക്രിമിനല്‍ കേസുകളാണ്. കാസര്‍കോട് മുന്‍സിഫ് കോടതിയിലാണെങ്കില്‍ 949 കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇതില്‍ 155 എണ്ണം ക്രിമിനല്‍ കേസുകളാണ്. പത്തുവര്‍ഷം പഴക്കമുള്ള 11 കേസുകളും അഞ്ചു മുതല്‍ പത്തുവര്‍ഷം വരെ പഴക്കമുള്ള 121 കേസുകളും രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള 112 കേസുകളും രണ്ടുവര്‍ഷത്തിനുള്ളിലുള്ള 805 കേസുകളുമുണ്ട്. സി.ജെ.എം കോടതിയില്‍ 1159 കേസുകളാണ് നിലവിലുള്ളത്. പത്തുവര്‍ഷം പഴക്ക മുള്ള മൂന്നു കേസുകളാണുള്ളത്. രണ്ടുവര്‍ഷത്തിനുള്ളിലുള്ള 768 കേസുകളും ഇതില്‍ ഉള്‍പ്പെടും. ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ നൂറു കേസുകളാണ് നിലവിലുള്ളത്. ജുഡീഷല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ 5040 കേസുകളാണ് തീര്‍പ്പാകാനുള്ളത്. ഇതില്‍ പത്തുവര്‍ഷത്തിനു മുകളിലുള്ള ഒരു കേസും അഞ്ചു മുതല്‍ 10 വര്‍ഷം വരെയുള്ള 143 കേസും രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള 1442 കേസും രണ്ടുവര്‍ഷത്തില്‍ താഴെയുള്ള 3454 കേസുകളും ഉള്‍പ്പെടും. രണ്ടുവര്‍ഷം മുമ്ബ് ജില്ലയില്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നതാണ്. ഇവിടെ ജഡ്ജിയെ നിയമിക്കാത്തത് മൂലം ഇവിടുത്തെ കേസുകളുടെ ഭാരം കൂടി മറ്റു ജഡ്ജുമാര്‍ വഹിക്കേണ്ടിവരുന്നു. 1231 കേസുകളാണ് ഇവിടെ ഉള്ളത്. രണ്ടു മുതല്‍ അഞ്ചുവര്‍ഷം വരെ പഴക്കമുള്ള 171 കേസുകളും രണ്ടുവര്‍ഷത്തില്‍ താഴെയുള്ള 1061 കേസുകളും നിലവിലുണ്ട്. 

ഹൊസ്ദുര്‍ഗിലെ കോടതികളില്‍ മാത്രം 8776 കേസുകള്‍ നിലവിലുണ്ട്. ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ 1679 കേസുകളും ഹൊസ്ദുര്‍ഗ് സബ്‌കോടതിയില്‍ 772 കേസുകളുമുണ്ട്. ഇതില്‍ 387 എണ്ണവും ക്രിമിനല്‍ കേസുകളാണ്. 22 കേസുകള്‍ പത്തുവര്‍ഷം പഴക്കമുള്ളതാണ്. ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യില്‍ 3335 ക്രിമിനല്‍ കേസുകള്‍ പരിഹാരമാകാതെ കെട്ടിക്കിടക്കുന്നു. ഇതില്‍ 70 ശതമാനവും രണ്ടുവര്‍ഷത്തിനുള്ളിലുള്ളതാണ്. ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്)യില്‍ 2990 കേസുകളുണ്ട്. ഇതില്‍ 89 ശതമാനവും രണ്ടുവര്‍ഷത്തിനുള്ളിലുള്ളതാണ്. ഇങ്ങനെ കേസുകള്‍ പരിഹാരമാകാതെ കെട്ടിക്കിടക്കുന്നത് മൂലം നീതിന്യായ വ്യവസ്ഥതന്നെ അവതാളത്തിലാകുന്ന സ്ഥിതിയാണെന്നാണ് ആക്ഷേപം.

Post a Comment

0 Comments

Top Post Ad

Below Post Ad