Type Here to Get Search Results !

Bottom Ad

മാണി കുടുങ്ങുമോ? ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് ഉത്തരവ്

തിരുവനന്തപുരം (www.evisionnews.in): ബാര്‍കോഴ കേസ് വീണ്ടും ചൂടുപിടിക്കുന്നു. കേസ് അന്വേഷിച്ച അന്നത്തെ വിജിലന്‍സ് എസ്പി ആര്‍. സുകേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തുടരന്വേഷണത്തിന് ശനിയാഴ്ച തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ഇതോടെ കെ.എം മാണിയുടെ രാജിയിലും യു.ഡി.എഫ് വിടുന്നതിലുമെത്തിച്ച കോഴക്കേസ് പുതിയ വഴിത്തിരിവിലെത്തി.

കുറ്റാരോപണ വിധേയനായ മുന്‍ ധനമന്ത്രി കെ.എം മാണി എല്‍ഡിഎഫുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിയാണ് ബാര്‍ കോഴക്കേസ് അട്ടിമറിച്ചതെന്ന് സുകേശന്‍ പ്രത്യേക കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

ബാര്‍ കേസ് ഡയറിയില്‍ ശങ്കര്‍ റെഡ്ഡി നിര്‍ബന്ധിച്ച് കൃത്രിമം നടത്തിയെന്നും മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുതാ വിവര റിപ്പോര്‍ട്ട് തള്ളിയെന്നും സുകേശന്‍ ഹര്‍ജിയില്‍ ആരോപിച്ചു. കേസില്‍ തുടരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന കെഎം മാണിക്കെതിരായ ബാര്‍കോഴ കേസ് വിജിലന്‍സ് ഡയറക്ടറായിരുന്ന എഡിജിപി ശങ്കര്‍ റെഡ്ഡി ഇടപെട്ട് തള്ളുകയായിരുന്നെന്ന പുതിയ വെളിപ്പെടുത്തലാണ് സുകേശന്‍ നടത്തിയത്. വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡി കേസ് ഡയറിയില്‍ നിര്‍ബന്ധിച്ച് കൃത്രിമം നടത്തി. തെളിവുകള്‍ തിരസ്‌കരിച്ചു. ബാറുടമകള്‍ മാണിക്കെതിരെ നല്‍കിയ മൊഴി വെട്ടിമാറ്റി. ശങ്കര്‍ റെഡ്ഡിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് കൊടുക്കേണ്ടി വന്നതെന്നും ഹര്‍ജിയിലുണ്ട്. അന്വേഷണം കൃത്യമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ തുടരന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പിച്ചിരിക്കെയാണ് പുതിയ വഴിത്തിരിവ്.

എസ്പി സുകേശന്‍ തന്നെയാണ് മാണിക്ക് കീന്‍ചിറ്റ് നല്‍കിയുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. കെഎം മാണി രണ്ട് തവണയായി 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന ആദ്യ കണ്ടെത്തല്‍ പൂര്‍ണ്ണമായും തള്ളിയാണ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മാണിക്ക് പണം നല്‍കിയതിന് തെളിവില്ലെന്നും ബാറുകള്‍ പൂട്ടിയത് മൂലം കോടികളുടെ നഷ്ടമുണ്ടായ ബിജുരമേശ് സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനാണ് കോഴ ആരോപണം ഉന്നയിച്ചതെന്നുമായിരിന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

മാണിക്കെതിരെ പുതിയ തെളിവുകളില്ലെന്നും ബാറുടമകള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോണ്‍ രേഖകളും മൊഴികളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ താന്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം കാരണമെന്നാണ് ഹര്‍ജിയിലൂടെ സുകേശന്‍ വ്യക്തമാക്കിയത്.


Keywords: Kerala-news-phone-mani-shanker-reddi-sukeshan

Tags

Post a Comment

0 Comments

Top Post Ad

Below Post Ad