Type Here to Get Search Results !

Bottom Ad

കശ്മീര്‍ ഇപ്പോള്‍ ഒരഗ്‌നിപര്‍വ്വതമാണ്. കേന്ദ്രം വൈകാതെ ഇടപെടണം. എകെ ആന്റണി

ശ്രീനഗര്‍ :(www.evisionnews.in) കശ്മീര്‍ ഇപ്പോള്‍ ഒരഗ്‌നിപര്‍വ്വതമാണെന്നും അവിശ്വാസവും രോഷവുമാണ് അവിടുത്തെ യുവാക്കളുടെ മനസ് നിറയേയെന്നും ഇക്കാര്യത്തില്‍ കേന്ദ്രം വൈകാതെ ഇടപെട്ടില്ലെങ്കില്‍ സ്ഫോടനാത്മകമായ സ്ഥിതി ഉണ്ടാകാന്‍ അധിക സമയം വേണ്ടിവരില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എകെ ആന്റണി. ജനങ്ങളുടെ മനസ് നിയന്ത്രിക്കാനും അവരില്‍ വിശ്വാസം ജനിപ്പിക്കാനും സാധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ കശ്മീര്‍ കത്തുമെന്നും സ്ഥിതിഗതികള്‍ കൈവിട്ട് പോകാനുള്ള സാധ്യത വളരെ അധികമാണെന്നും പരിഹാരം കാണാന്‍ സര്‍വ്വകക്ഷി സംഘത്തെ കശ്മീര്‍ താഴ്വരയിലേക്ക് അയക്കണമെന്നും ആന്റണി പറഞ്ഞു.ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയാണ് കശ്മീര്‍ വിഷയത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തന്റെ ആശങ്ക അറിയിച്ചത്.

മനുഷ്യത്വപരമായ സമീപനത്തിലൂടെ ജനമനസിലേക്കെത്തേണ്ടതുണ്ട്. യുവാക്കളുടെ മനസിനെ നിയന്ത്രിക്കാനാകണം. ചര്‍ച്ചകളിലൂടെ മാത്രമേ ഇത് പരിഹരിക്കാനാകു എന്നും ആന്റണി മാധ്യമങ്ങളോട് വിശദീകരിച്ചു. ഭീകരരേയും ജനങ്ങളേയും ഒരുപോലെ കൈകാര്യം ചെയ്യരുതെന്നും, യുപിഎ സര്‍ക്കാര്‍ ചിലകാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നും ആന്റണി പറഞ്ഞു.

45 ദിവസമായി കര്‍ഫ്യു നിലനില്‍ക്കുന്ന കശ്മീരില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി മുന്നോട്ടുപോകുകയാണ്. ഇത്രയധികം നാള്‍ സ്വതന്ത്ര്യ ഇന്ത്യയില്‍ കര്‍ഫ്യു നിലനില്‍ക്കുന്നത് ഇതാദ്യമായാണ്. സര്‍ക്കാര്‍ സംഭവങ്ങളുടെ ഗൗരവം മനസിലാക്കാന്‍ ആദ്യം ശ്രമിച്ചില്ലെങ്കിലും ഇപ്പോള്‍ അതിന് മാറ്റം വന്നിട്ടുണ്ടെന്നും ആന്റണി പറഞ്ഞു.

കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കാന്‍ പാകിസ്താന്‍ പട്ടാളം ഇതുവരെ ശ്രമിച്ചിട്ടില്ലാത്തതാണ് പ്രശ്നങ്ങളുടെ യഥാര്‍ഥ കാരണം. നിലവിലെ പ്രശ്നത്തില്‍ പാകിസ്താന് പ്രധാന പങ്കുണ്ടെന്നും ആന്റണി കുറ്റപ്പെടുത്തി

പാകിസ്താന്റെ സഹായത്തൊടെ ഭീകരര്‍ കശ്മീരിലേക്ക് നുഴഞ്ഞ് കയറുന്നതായി ആന്റണി ആരോപിച്ചു. 'ചില സന്ദര്‍ഭങ്ങളില്‍ പാക് പട്ടാളം പരിശീലിപ്പിച്ച ഭീകരര്‍ ഇന്ത്യയിലേക്കെത്തിയിരുന്നതായും ആന്റണി പറഞ്ഞു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad