കൊച്ചി (www.evisionnews.in): മലയാളക്കരയുടെ പ്രാര്‍ത്ഥനയ്ക്ക് മംഗളകരമായ പര്യവസാനം. ചാലക്കുടി സ്വദേശി മാത്യു അച്ചാടന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. എയര്‍ ആംബുലന്‍സ് ഉപയോഗപ്പെടുത്തി തിരുവനന്തപുരത്ത് നിന്ന് വിമാനത്തില്‍ പറന്നെത്തിച്ച ഹൃദയം ആറു ണിക്കൂര്‍ നീണ്ട അതി സങ്കീര്‍ണ്ണ ശസ്ത്രക്രിയക്കൊടുവില്‍ മാത്യുവിന്റെ ഇടതു നെഞ്ചില്‍ ചേര്‍ത്തു വെച്ചു. ഇന്നലെ രാത്രി 7.45ന് കൊച്ചിയിലെ ലിസി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത് ശനിയാഴ്ച പുലര്‍ച്ചെ 2മണിക്കാണ്. ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടന്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രണ്ടു ദിവസത്തിനകം മാത്യുവിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റുമെന്നാണ് സൂചന. എയര്‍ ആംബുലന്‍സില്‍ ഹൃദയമെത്തിച്ചുള്ള സംസ്ഥാനത്തെ ആദ്യ ശസ്ത്രക്രിയയാണ് വ്യാഴാഴ്ച നടന്നത്
തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ മസ്തിഷ്‌കമരണം സംഭവിച്ച പാറശാല സ്വദേശി അഡ്വ. എസ്. നീലകണ്ഠശര്‍മയുടെ ഹൃദയം പുറത്തെടുത്ത് കൊച്ചിയിലെത്തിക്കാനായി നാവികസേനയുടെ ഡോണിയര്‍ വിമാനമാണ് ഉപയോഗിച്ചത്. കൊച്ചിയില്‍ നിന്ന് ഡോക്ടര്‍മാരെയും കൊണ്ട് ഉച്ചയ്ക്ക് 2.20 ന് വിമാനം തിരുവനന്തപുരത്തെത്തി. വിമാനത്തില്‍ നിന്ന് ഡോക്ടര്‍മാരെ പൊലീസ് പൈലറ്റ് വാഹനത്തിന്റെ സഹായത്തോടെ ഗതാഗതം നിയന്ത്രിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ശ്രീചിത്രതിരുനാള്‍ ആശുപത്രിയിലെത്തിച്ചു.
ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തില്‍ മൂന്നുമണിയോടെ ശസ്ത്രക്രിയാനടപടികള്‍ തുടങ്ങി. 6.20 ന് പൂര്‍ത്തിയാക്കി ഹൃദയം പുറത്തെടുത്തു. 6.51 ന് വിമാനം തിരികെ കൊച്ചിയിലേക്കു പറന്നു. 7.35 ന് കൊച്ചിയിലെത്തി. തുടര്‍ന്ന് ആശുപത്രയിലെത്തിയ ഡോക്ടര്‍മാര്‍ ഹൃദയമാറ്റ ശസ്ത്രക്രിയ ആരംഭിച്ചു.
തിരുവനന്തപുരം ബാറിലെ പ്രശസ്ത അഭിഭാഷകനായ നീലകണ്ഠശര്‍മയെ (46) കുളിമുറിയില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്നു കഴിഞ്ഞ ആറിനാണ് ശ്രീചിത്രയില്‍ പ്രവേശിപ്പിച്ചത്. മസ്തിഷ്‌കത്തിലെ രക്തസ്രാവത്തെത്തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്നാണ് അവയവദാനത്തിനു ഭാര്യ ലതയും മക്കളായ സുബ്രമണ്യ ശര്‍മയും ഗൗതം ശര്‍മയും സമ്മതിച്ചത്.
Keywords: Kasaragod-news-heart-shifting-operation-successful

Post a Comment
0 Comments