Type Here to Get Search Results !

Bottom Ad

മാനവീകതയുടെ സ്നേഹസ്പർശവുമായി മാനത്തെ ശവ്വാലിൻപിറ

-അസീസ്‌ ബളളൂർ

evisionnews

നീലാകാശത്തിലെ മേഘക്കീറുകൾക്കിടയിൽ പുഞ്ചിരി വിതറിയ ശവ്വാലമ്പിളി പ്രത്യക്ഷപ്പെട്ടാൽ ഇസ്ലാം മത വിശ്വാസിക്ക് മധുരമുള്ള വേദനയുടെ നിമിഷങ്ങളായി. അല്ലാഹുവിൻറെ അനുഗ്രഹങ്ങളെ വാനോളം സ്തുതിക്കുന്ന തകബീറിന്റെ മാസ്മരിക ധ്വനികൾ അന്തരീക്ഷത്തിൽ അലയടിക്കുമ്പോൾ മനസ്സന്തരാളങ്ങളിൽ സന്തോഷത്തിൻറെയും ആഹ്ലാദത്തിന്റെയും പൂത്തിരി കത്തുമ്പോളും പരിശുദ്ധ റമദാനിലെ ഒരു മാസത്തെ ആത്മീയതയുടെ ഉന്നത സോപാനത്തിലെ വിഹരിച്ചുല്ലസിച്ച വൃതാനുഷ്ടാനത്തിൻറെ ദിന രാത്രങ്ങളുടെ വേർപാട് സമ്മാനിക്കുന്ന സങ്കടവുംവേദനയും താങ്ങാവുന്നതിലപ്പുറമാണ്. ഒരു മാസകാലത്തെ വ്രതംകൊണ്ട് സ്പുടം ചെയ്തെടുത്ത മനസ്സും ശരീരവുംആത്മീയ ചൈതന്യവും കെടാതെ സൂക്ഷിക്കാനും മനുഷ്യ മനസ്സുകൾക്കിടയിൽ സ്നേഹത്തിൻറെയും സാഹോദര്യത്തിൻറെയും ഊഷ്മള ബന്ധം ശക്തിപ്പെടുത്താൻ വേണ്ടിയുള്ള പ്രതിജ്ഞ ചെയ്യാനുള്ള സുരഭില സന്ദേശമായിട്ടാണ് ചെറിയ പെരുന്നാളിനെ മുസ്ലിം ലോകം വരവേൽക്കുന്നത്.


പ്രാർത്ഥനകൾക്ക് കണക്കില്ലാത്ത പ്രതിഫലങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ട ദിനരാത്രങ്ങൾ ,മനസ്സിന്നും ശരീരത്തിന്നും ഒരുപോലെ ആത്മീയ അനുഭൂതി നൽകിയ നീണ്ട നേരം നാഥനായ അല്ലാഹുവിൻറെ മുന്നിൽ വിനയാന്വിതനായി നിന്നു നമസ്കരിച്ച താറാവീഹിന്റെ രാത്രികൾ, ലോകത്ത് ഇന്നോളംഒരു വാക്യത്തിന്നുപോലും പകരം കൊണ്ടുവരാൻ സാധിക്കാത്ത അത്ഭുദങ്ങളിൽ അത്ഭുതമായ മാനവരാശിക്ക് വഴികാട്ടിയായി ലോകാവാസാനം വരെ ഒരു മാറ്റത്തിന്നും വിധേയമാവാത്ത അല്ലാഹുവിൻറെ പരിശുദ്ധ ഗ്രന്ഥത്തെ നെഞ്ചോടു ചേർത്തു പാരായാണത്തിൻറെ മാധുര്യം കൊണ്ടു സജീവമാക്കിയ ദിനയാമങ്ങൾ ,വിഭവ സമൃദ്ധമായ ഭക്ഷണ തളികക്ക് മുന്നിൽ സ്രുഷ്ടാവിൻറെ പേരു വിളിക്കാനായി ക്ഷമയോടെ കാത്തിരുന്ന ഇഫ്ത്താറിനറെ അനർഘ്യ മുഹൂർത്തങ്ങൾ, ഭക്തി സാന്ദ്രമായ ആത്മീയ മന്ത്രങ്ങളുടെ ധ്വനികളാൽ അല്ലാഹുവിൻറെ ഭവനങ്ങളെ ഉല്ലാസത്തിമിർപ്പിൽ വിയർപ്പുമുട്ടിയ പ്രാർഥനാ മുഹൂർത്തങ്ങൾ , ഖുർ ആനിനേയും തിരുവചനങ്ങളെയും കോർത്തിണക്കിയ നിഷ്കളങ്ക കുഞ്ഞുമനസ്സുകൾ മനസ്സിനെ കീഴടക്കിയ ഉറുദിയിലൂടെ അറിവിൻറെ തീരത്തേക്ക് കൂട്ടികൊണ്ടുപോയ ഗൃഹാതുരത്വത്തിൻറെ വിജ്ഞാന സദസ്സുകൾ ,ധാന ധർമ്മങ്ങൾക്ക് പതിന്മടങ്ങ് കൂലി വാഗ്ദത്തം ചെയ്യപ്പെട്ട ദിവസങ്ങൾ ,വീടുകളും അങ്ങാടിയും ഒരു പോലെ സജീവമായ രാവും പകലുകളും കഴിച്ചുകൂട്ടിയ ഈ പരിശുദ്ധ മാസം വിട പറയുമ്പോൾ എങ്ങനെയാണ് സത്യവിശ്വാസിക്ക് സന്തോഷിക്കാൻ സാധിക്കുക.


റമദാനിൻറെ മുപ്പതു ദിവസം അന്നപാനീയം വെടിഞ്ഞ വിഷപ്പിൻറെയും സഹനത്തിൻറെയും ക്ഷമയുടെയും അനുഭവം ഒരു വിശ്വാസിയെ ഉലകം ചുറ്റിയ സഞ്ചാരിയുടെ അനുഭൂതിയിലേക്ക് കൈപിടിച്ചു കൊണ്ടുപോവുകയാണ്.
വിശപ്പു കൊണ്ടും പോഷകാഹാരത്തിൻറെ അലഭ്യത കൊണ്ടും ദിവസേനെ മരിച്ചു വീഴുന്ന സോമാലിയായിലെ കുരുന്നു മുഖങ്ങൾ ദർശിക്കാൻ നോമ്പുകാരൻറെ ഈ ഒരുമാസത്തെ യാത്രയിൽ സാധിച്ചിട്ടുണ്ടാവണം. പട്ടിണി മരണം വാർത്തയല്ലാതായി മാറിയ ആഫ്രികയിലെ ഇതര ദരിദ്ര രാജ്യങ്ങളും, ഇനിയും കാരണമേന്തന്നറിയാത്ത യുദ്ധങ്ങൾകാരണം ഉറ്റവരെയും ഉടയവരെയും നഷ്ടപെട്ടു ആമാശയം നിറക്കാൻ ആരുടെയൊക്കെയോ ഔധാര്യത്തിന്നു വേണ്ടി പുനരധിവാസ കേന്ദ്രങ്ങളിൽ കാത്തു കഴിയുന്ന മദ്ധ്യേഷ്യയുടെ പല രാജ്യങ്ങളിലൂടെ ഒട്ടിപിടിച്ച വയറുമായി ഭക്ഷണ പാത്രവുമായി അലയുന്ന ചോരയുടെ മണം ഇനിയും മാറിയിട്ടില്ലാത്ത പിഞ്ചുകുട്ടികളുടെ ദുഃഖ സാന്ദ്രമായ അവസ്ഥകളെ സ്വന്തം ശരീരം അനുഭവിച്ച വിശപ്പിൻറെ അനുഭവത്തിൽ നോമ്പുകാരനായ വിശ്വാസിക്ക് തിരിച്ചറിയാൻ പ്രയാസമുണ്ടാവില്ല. ഈ മാനവീക മുഖം അവകാശപ്പെടുമ്പോളും ഈ വിശുദ്ധ മാസത്തെ ആർഭാഡഭരതയോടെ കൊണ്ടാടിയവർ സർവ്വതും നഷ്ടപെട്ട വിധവയായ ഒരു മാതാവ് തൻറെ പൊന്നു മോൻറെ ഒരു നേരത്തെ ആഹാരമായ റൊട്ടികഷ്ണത്തിന്നു വേണ്ടി സ്വന്തം മാനത്തെ പാശ്ചാത്യ സൈനികൻറെ മുമ്പിൽ പണയം വെച്ച ബാഗ് ദാദിലെ അരക്ഷിതാവസ്ഥ നിറഞ്ഞ തെരുവുകളുടെ രോധനങ്ങൾ വായിക്കാതെ പോവുന്നതിൽ ഒരു അർത്ഥവുമില്ല.


ഈദുൽ ഫിത്തറും വലിയൊരു മാനുഷിക മുഖമുള്ള ആഘോഷമാണ്.ഇന്നു വരെയുള്ള പകലുകളിൽ അന്നപാനീയങ്ങളെ നിഷിദ്ധമാക്കി കൽപ്പിച്ച സ്ഥാനത്ത് ശവ്വാൽ പിറവി കണ്ടാൽ പിറ്റേ ദിവസം നോമ്പെടുക്കൽ നിഷിദ്ധമാക്കി ഇസ്ലാം കൽപ്പിക്കുന്നു.മാത്രമല്ല അന്നത്തെ ദിവസം ഒരാളും പട്ടിണി കിടക്കാൻ പാടില്ല എന്നത് കൊണ്ട് അതാതു പ്രദേശത്തെ പ്രധാന ധാന്യവസ്തുക്കളെ കണക്കനുസരിച്ചു ഫിത്ത്ർ സക്കാത്ത് നൽകി പ്രമാണിയും പണക്കാരനും പാവപ്പെട്ടവനും വയറു നിറയെ കഴിക്കട്ടെ എന്നതാണ് ചെറിയ പെരുന്നാൾ ലോകത്തോട്‌ വിളിച്ചു പറയുന്ന വലിയ സന്ദേശം.ഒരു മാസം വൃതം പൂർത്തിയാക്കിയ ഇസ്ലാമിലെ കർമ്മശാസ്‌ത്ര മനുസരിച്ച് ഫിത്ത്ർ സകാത്ത് അർഹതപെട്ടവർക്ക് വിതരണം ചെയ്യാത്ത പക്ഷം അവൻറെ നോമ്പ്
പരിപൂർണ്ണമല്ല എന്ന താകീത്തും ഇസ്ലാമിക മാനവിക ദർശനത്തിൻറെ ഏറ്റവും വലിയ ഉദാഹരണമായി നിലകൊള്ളുന്നു.


ഇസ്ലാമിക വീക്ഷണത്തിൽ ആഘോഷിക്കാൻ അനുവദനീയമായ രണ്ട് ആഘോഷങ്ങളിലെ ഒന്നാണ് ചെറുപെരുന്നാൾ ദിവസമെങ്കിലും ഇവിടെയും ആരാധനകൾക്കാണ് പ്രാധാന്യം.ഈ പരിശുദ്ധ ദിവസത്തിൽ സാമൂഹിക ഉത്തരവാദിത്വങ്ങൾക്കും ധാരാളം പ്രോത്സാഹനം നൽകി ഇസ്ലാമിന്റെ ആഘോഷങ്ങളിലെ മാനവീകത ഉയർത്തിപിടിക്കുകയാണ് ചെയ്യുന്നത്.കുടുംബത്തിലും അയൽവാസികളിലും വാർധക്യം,രോഗം,ദാരിദ്ര്യവും മറ്റും കാരണങ്ങൾ കൊണ്ട് പ്രയാസം അനുഭവിക്കുന്നവരെ സന്ദർശിച്ചു സാന്ത്വനത്തിൻറെ വാക്കുകൾ കൈമാറാനും സഹായങ്ങൾ എത്തിച്ചു കൊടുക്കാനും, സഹോദര സമുദായങ്ങൾക്കിടയിൽ ഈദുൽ ഫിത്തറിൻറെ മനോഹര സന്ദേശം കൈമാറാനും ഇസ്ലാമിൻറെ സുന്ദരമായ സാഹോധര്യത്തെയും സഹവർത്തിത്വത്തിൻറെയും നിലപാടുകൾ എത്തിച്ചു കൊടുക്കുക വഴി നമ്മുടെ നാടുകളിൽ സ്നേഹത്തിന്റെയും സൗഹാർദ്ധത്തിൻറെയും അന്തരീക്ഷം ശക്തിപ്പെടുത്താൻ ശ്രമിക്കേണ്ടതുണ്ട്.

ശിഥിലമായി കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്താനുളള വലിയൊരു സന്ദേശവും ഈ പെരുന്നാൾ നൽകുകയാണ്. പെരുന്നാൾ ദിവസം കുടുംബങ്ങളുടെ വീടുകൾ സന്ദർശനം നടത്തി അവരുടെ ആഥിതേയത്വം സ്വീകരിക്കൽ വളരെ പുണ്യമുള്ള കാര്യമാണ്.
വർത്ത മാന കാലത്തിലെ ഇതര ആഘോഷങ്ങളെ പോലെ വിശുദ്ധ പെരുന്നാളിനേയും പാശ്ചാത്യ സംസ്കാരത്തിൻറെ ആലയിൽ കെട്ടിയിട്ടു ആഘോഷിക്കാനുളള പുതിയ തലമുറയിലെ ചിലർ കാണിക്കുന്ന താൽപര്യം
മഹത്തായ ഒരു സാംസ്കാരിക പൈതൃകത്തിന്നു നേരെ നടത്തുന്ന ഗൗരവകരമായ കൈയ്യേറ്റമാണ്. 
പെരുന്നാൾ ആഘോഷത്തിൻറെ മറവിൽ അനിസ്ലാമിക പേകൂത്തുകളുംഗാനമേളകളും സിനിമാറ്റിക്ക് ഡാൻസുകളുടെ കടന്നു കയറ്റം സുന്ദരമായ ഇസ്ലാമിക ചിഹ്നങ്ങളെയും സ്നേഹ സന്ദേശങ്ങളെയും അപകീർത്തിപെടുത്തനുളള
ശ്രമങ്ങൾക്ക് നൽകുന്ന പ്രോത്സാഹനത്തിലെ അപഘടംതിരിച്ചറിയേണ്ടതുണ്ട്. 


പവിത്രവും പരിപാലനവുമായ പൈതൃകത്തിൻറെയും പാരമ്പര്യത്തിൻറെയും തനിമയിൽ ആഘോഷിക്കേണ്ട പെരുന്നാളുകൾ കമ്പോളവൽകരണത്തിന്നും ആർഭാഠത്തിൻറെയും അഴിഞ്ഞാട്ടത്തിൻറെയും പുതിയ വ്യാഖ്യാനങ്ങൾ നൽകപ്പെടുന്നത് വേദനാജനകമാണ്.പകരം മ്യാന്മാറിലെയും പലസ്തീനിലെയും ഇറാഖിലേയും സിരിയായിലെയും ജന്മം നൽകിയ സ്വന്തം മണ്ണിൽ പോലും സുരക്ഷിതമായി കിടന്നുറങ്ങാൻ സാധിക്കാത്ത സാമ്രാജ്യത്വ ഫാസിസ്റ്റ് അധിനിവേശ ശക്തികളുടെ വെടിയോച്ചകൾക്ക് മുന്നിൽ അന്യരായി കഴിയേണ്ടി വരുന്ന ഞങ്ങള്ക്ക് മുമ്പിൽ ഇനി എന്ത് എന്ന ചോദ്യത്തിന്നു പ്രവചിക്കാൻ പോലും സാധിക്കാത്ത ലോകത്തി ൻറെ വിവിധ ഭാഗങ്ങളിലെ ദുരിതമനുഭവിക്കുന്ന മാനവരാശിയുടെ വിമോചനത്തിന്നു വേണ്ടിയും കാഞങ്ങാടിനടുത്ത ഗ്രാമീണ പ്രദേശത്തെ നിഷ്കളങ്ക കുടുംബത്തിൻറെ സ്നേഹനിധിയായ ഫഹദ് മോൻറെ മുഖത്തിലെ പുഞ്ചിരി മായാത്ത ഓർമ്മകൾക്ക് മുമ്പിൽ സ്നേഹസ്പർശനത്തിനറെ ഒരായിരം ചുംബനങ്ങൾ കോർത്തിണക്കിയ കവിതകൾ ആലപിച്ചുകൊണ്ട്,രാജ്യത്തിൻറെ നീതി ന്യായ വ്യവസ്ഥകളെ ശക്തമായി നടപ്പിലാക്കി കശ്മല കാപാലികരെ അർഹിക്കുന്ന ശിക്ഷ നൽകി രാജ്യത്ത് ഒരുതുളളി രക്തവും വീഴാതിരിക്കുന്ന പ്രശാന്ത സുന്ദര നല്ല നാളെകൾക്ക് വേണ്ടി അല്ലാഹുവിൻറെ മുമ്പിൽ കൈ ഉയർത്തി പ്രാർഥിക്കാൻ ഈ പവിത്രമായ ദിനത്തെ ഉപയോഗപെടുത്താം..എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ

keywords : eid-article-love-people-shavval-moon
Tags

Post a Comment

0 Comments

Top Post Ad

Below Post Ad