ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി (BLMSHCS) ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. സൊസൈറ്റിയുടെ സ്ഥാപകൻ ആർ. പ്രേംകുമാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് 103 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും പിടിച്ചെടുക്കുകയും ചെയ്തത്.
പോർഷെ, റോൾസ് റോയ്‌സ്, ടൊയോട്ട വെൽഫയർ, മഹീന്ദ്ര ഇ9, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ എട്ട് ആഡംബര കാറുകൾ ഉൾപ്പെടെ ഏഴ് കോടി രൂപയോളം വിലമതിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്തു. 9.6 കോടി രൂപ വിലമതിക്കുന്ന 7.4 കിലോ സ്വർണാഭരണങ്ങളും 80 കോടി രൂപയുടെ ഓഹരികളും അഞ്ച് കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും 1.86 കോടി രൂപയുടെ ബാങ്ക് നിക്ഷേപങ്ങളും നടപടിയുടെ ഭാഗമായി മരവിപ്പിച്ചിട്ടുണ്ട്.
ചെന്നൈ, എറണാകുളം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിലായി 12 കേന്ദ്രങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. പൊതുജനങ്ങളിൽനിന്ന് നിക്ഷേപമായി സ്വീകരിച്ച പണം പ്രേംകുമാറും ബന്ധുക്കളും ചേർന്ന് വ്യക്തിഗത ആവശ്യങ്ങൾക്കും സ്വത്ത് സമ്പാദനത്തിനുമായി വകമാറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
സൊസൈറ്റിയുടെ നിക്ഷേപത്തുക ബന്ധുക്കളുടെയും നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയതായും സൊസൈറ്റിയുടെ സ്വത്തുക്കൾ പണയപ്പെടുത്തി വായ്പയെടുത്ത് വ്യക്തിഗത സ്വത്തുക്കൾ സമ്പാദിച്ചതായും ആരോപണമുണ്ട്. പ്രേംകുമാറും കൂട്ടാളികളും ഏകദേശം 320 ബാങ്ക് അക്കൗണ്ടുകൾ വഴി പണം കൈമാറ്റം നടത്തിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. കേരള പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണം ആരംഭിച്ചത്. കേസിൽ അന്വേഷണം തുടരുകയാണ്.

Post a Comment
0 Comments