Type Here to Get Search Results !

Bottom Ad

സൗജന്യമായി ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് ആശ്വാസ നടപടിയുമായി സര്‍ക്കാര്‍; സഭയില്‍ കല്ലട്ര മാഹിന്‍ എം.എല്‍.എയുടെ സബ്മിഷന്‍


തിരുവനന്തപുരം: റോഡ് വികസനത്തിനും നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി സൗജന്യമായി ഭൂമി വിട്ടുനല്‍കുന്ന ഉടമകള്‍ക്ക് കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ അര്‍ഹമായ ഇളവുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ അനുഭാവ നടപടികളുമായി സര്‍ക്കാര്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചട്ടങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച് കല്ലട്ര മാഹിന്‍ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കി സഭയില്‍ ഉറപ്പുനല്‍കിയത്.

റോഡ് വികസനത്തിന് സൗജന്യമായി സ്ഥലം വിട്ടുനല്‍കുമ്പോള്‍, അവശേഷിക്കുന്ന ഭൂമിയില്‍ നിലവിലുള്ള ചട്ടങ്ങള്‍ പാലിച്ച് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനോ ഭാഗികമായി പൊളിച്ച കെട്ടിടങ്ങള്‍ ബലപ്പെടുത്തി ഉപയോഗയോഗ്യമാക്കുന്നതിനോ ഉടമകള്‍ വലിയ പ്രയാസം നേരിടുന്നുണ്ടെന്ന് കല്ലട്ര മാഹിന്‍ എം.എല്‍.എ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികളുടെ തടസവാദങ്ങള്‍ കാരണം പലരും സ്ഥലം വിട്ടുനല്‍കാന്‍ മടിക്കുകയും വിഷയങ്ങള്‍ കോടതി വ്യവഹാരങ്ങളിലേക്ക് നീളുകയും ചെയ്യുന്നത് വികസന പദ്ധതികളുടെ നിര്‍മാണച്ചെലവ് ക്രമാതീതമായി വര്‍ധിപ്പിക്കുന്ന സാഹചര്യമാണുള്ളത്.

കാസര്‍കോട് എം.ജി റോഡ് പ്രവേശന കവാടത്തില്‍ അരനൂറ്റാണ്ടായി തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് ഇതിനൊരു വ്യക്തമായ ഉദാഹരണമാണ്. ഇവിടെ റോഡ് വികസനത്തിനായി ഒമ്പതു മീറ്റര്‍ സ്ഥലം വിട്ടുനല്‍കാന്‍ ഉടമകള്‍ തയാറായെങ്കിലും സാങ്കേതിക തടസങ്ങളാണ് വില്ലനാകുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇവിടെ രണ്ടു വലിയ അപകടങ്ങളാണ് നടന്നത്. പൊതുപ്രവര്‍ത്തകന്‍ ഹനീഫ ഈ അപകടക്കെണിയില്‍പ്പെട്ട് ദാരുണമായി മരണപ്പെടാനിടയായ സംഭവവും എം.എല്‍.എ എടുത്തുപറഞ്ഞു. ഇനി ഒരു ജീവന്‍ കൂടി റോഡില്‍ പൊലിയാതിരിക്കാന്‍ അടിയന്തര നടപടി ആവശ്യമാണ്. ഇതിനു പരിഹാരമായി ഫ്‌ലോര്‍ ഏരിയ റേഷ്യോ കവറേജ്, പാര്‍ക്കിംഗ് എന്നിവയില്‍ അര്‍ഹമായ ഇളവുകള്‍ അനുവദിക്കണമെന്നും കര്‍ണാടകയില്‍ ബി.ബി.എം.പി വഴി നടപ്പിലാക്കുന്ന ടി.ഡി.ആര്‍ (വികസന അവകാശ സര്‍ട്ടിഫിക്കറ്റ്) മാതൃക കേരളത്തിലും നടപ്പിലാക്കുന്നതിനായി പഞ്ചായത്ത്, മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ അടിയന്തര ഭേദഗതി വരുത്തണമെന്നും സബ്മിഷനില്‍ ആവശ്യപ്പെട്ടു.

എം.എല്‍.എയുടെ സബ്മിഷന് മറുപടിയായി സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് ചട്ടങ്ങളില്‍ നിലവില്‍ തന്നെ ആനുകൂല്യങ്ങള്‍ ലഭ്യമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി വ്യക്തമാക്കി. 2019-ലെ കേരള പഞ്ചായത്ത്/ മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടങ്ങളിലെ അധ്യായം 10 പ്രകാരം പുതിയ റോഡ് നിര്‍മിക്കാനോ നിലവിലുള്ള റോഡുകള്‍ വീതി കൂട്ടാനോ നാക്കവലകള്‍ നവീകരിക്കാനോ വേണ്ടി ഭൂമി സൗജന്യമായി വിട്ടുകൊടുത്തവര്‍ക്ക് പുതിയ കെട്ടിട നിര്‍മാണത്തിനും നിലവിലുള്ള കെട്ടിടങ്ങളുടെ മാറ്റങ്ങള്‍ക്കും നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഇതിനായി ഭൂവുടമകള്‍ നിര്‍ണിത ഫോറത്തില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നല്‍കിയാല്‍ മതിയെന്നും അധ്യായം ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക ബുദ്ധിമുട്ടുകളോ തടസങ്ങളോ ഉണ്ടെങ്കില്‍ അടിയന്തിരമായി പരിശോധിച്ച് പരിഹരിക്കുമെന്നും മന്ത്രി സഭയില്‍ ഉറപ്പുനല്‍കി. മന്ത്രി നല്‍കിയ ഉറപ്പ് യാഥാര്‍ഥ്യമാകുന്നതോടെ എം.ജി റോഡ് വികസനം അടക്കമുള്ള സംസ്ഥാനത്തെ വിവിധ റോഡ് നവീകരണ പദ്ധതികള്‍ക്ക് വേഗത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad