Type Here to Get Search Results !

Bottom Ad

100 ദിവസം പിന്നിട്ട് പ്രിയദർശിനി സൗജന്യ യാത്ര; 12.54 കോടി സൗജന്യ യാത്രകൾ, സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 60% വർധന


യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി 100 ദിവസം പൂർത്തിയാക്കി. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇതുവരെ 12.54 കോടിയിലധികം സൗജന്യ യാത്രകൾ നടന്നതായി ഗതാഗത വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള സ്ത്രീകൾ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തിയെന്നാണ് വിലയിരുത്തൽ.

ജൂൺ 15നാണ് ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ആരംഭിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവച്ച ‘ഇന്ദിര ഗ്യാരണ്ടി’കളിലൊന്നായ പദ്ധതി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് നടപ്പാക്കിയത്. സെപ്റ്റംബർ 19 വരെയുള്ള കണക്കുകൾ പ്രകാരം 12.54 കോടി സൗജന്യ യാത്രകളാണ് നടന്നത്. യാത്രയ്ക്ക് പണം ഈടാക്കിയിരുന്നെങ്കിൽ 266.53 കോടി രൂപയുടെ വരുമാനം ലഭിക്കുമായിരുന്നുവെന്നാണ് ഗതാഗത വകുപ്പിന്റെ കണക്ക്.

പദ്ധതിയിലൂടെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായപ്പോഴും ഓർഡിനറി ബസുകളെ ആശ്രയിക്കുന്ന പുരുഷ യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പ്രതിദിനം ശരാശരി 6.19 ലക്ഷം പുരുഷ യാത്രക്കാർ ഓർഡിനറി സർവീസുകളിൽ യാത്ര ചെയ്യുന്നുണ്ട്.

ഈ കാലയളവിൽ എഐ സഹായത്തോടെയുള്ള ടിക്കറ്റ് ബുക്കിംഗ് സംവിധാനം, കൂടുതൽ അന്തർസംസ്ഥാന കെഎസ്ആർടിസി സർവീസുകൾ, ഊബറുമായി സഹകരിച്ചുള്ള പദ്ധതി തുടങ്ങിയവയും കെഎസ്ആർടിസി നടപ്പാക്കി. അതേസമയം, പ്രിയദർശിനി പദ്ധതി മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്നതാണ് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളിലൊന്ന്.

നൂറുദിന പ്രോഗ്രസ് റിപ്പോർട്ട് പരിഗണിച്ച് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കെഎസ്ആർടിസിയുടെ സിറ്റി ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള സർവീസുകളിലേക്കും സൗജന്യ യാത്ര വ്യാപിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad