കാസര്‍കോട്: ദേശീയ പാതയില്‍ പുതിയ ബസ് സ്റ്റാന്റ് മുതല്‍ നായന്മാര്‍മൂല വരെയുള്ള സര്‍വീസ് റോഡ് പൂര്‍ണമായും വണ്‍വേ (ഏകദിശ) ആക്കാന്‍ കാസര്‍കോട് നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗ തീരുമാനം. നിലവില്‍ ഈ സര്‍വീസ് റോഡിലൂടെ ഇരുഭാഗങ്ങളിലേക്കും വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. എന്നാല്‍ നഗരത്തിലെ പ്രധാന പാതയായതിനാല്‍ ഇവിടെ കടുത്ത ഗതാഗതത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇരുവശങ്ങളില്‍ നിന്നും ഒരേസമയം വാഹനങ്ങള്‍ വരുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി സമിതി വിലയിരുത്തി. ഇതേതുടര്‍ന്നാണ് റോഡ് ഏകദിശ മാത്രമാക്കി മാറ്റാന്‍ തീരുമാനമെടുത്തത്.
ഇതുസംബന്ധിച്ച ശുപാര്‍ശ ജില്ലാ റോഡ് സേഫ്റ്റി അതോറിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അതോറിറ്റിയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ പുതിയ ഗതാഗത ക്രമീകരണം പ്രാബല്യത്തില്‍വരും. നഗരത്തിലെ മറ്റു പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുള്ള വിവിധ പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായി സമിതി അംഗങ്ങള്‍ തിരക്കേറിയ പ്രധാന റോഡുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
നഗരസഭാ കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അധ്യക്ഷയും ചെയര്‍പേഴ്‌സണുമായ ഷാഹിന സലീം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ്, നഗരസഭ സെക്രട്ടറി ഷാജു, ട്രാഫിക് പൊലീസ് ഇന്‍സ്‌പെക്ടര്‍ മധു, സുധാകരന്‍, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ ഡൈസി വി.ഐ, ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ടോണി മാത്യു, മോട്ടോര്‍ വാഹന വകുപ്പ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

Post a Comment
0 Comments