കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ റോഡ് ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതമായ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനുമായി കാസര്‍കോട്് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 21.76 കോടി രൂപയുടെ ഏഴ് റോഡ് വികസന പദ്ധതികള്‍ക്ക് ജില്ലാ കലക്റ്റര്‍ ശ്രീധന്യ സുരേഷിന്റ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ ഭരണാനുമതിയായി. ജില്ലയിലെ റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും പിന്നാക്ക പ്രദേശങ്ങളുടെ വികസനം ഉറപ്പുവരുത്തുന്നതിനും വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കാര്‍ഷിക വിപണനം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ദൈനംദിന യാത്രകള്‍ കൂടുതല്‍ സുഗമമാക്കുന്നതിനും പദ്ധതികള്‍ സഹായകരമാകുമെന്ന് കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ വി. ചന്ദ്രന്‍ അറിയിച്ചു. പദ്ധതികള്‍ ബന്ധപ്പെട്ട നിര്‍വഹണ ഏജന്‍സികളുടെ നേതൃത്വത്തില്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് വിവിധ പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥരായ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം, ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗം, ഐല്‍.ഐ.ഡി ആന്റ് ഇ.ഡബ്ല്യു വിഭാഗം എന്നിവര്‍ക്ക് ജില്ലാ കക്റ്റര്‍ നിര്‍ദ്ദേശം നല്‍കി.
പദ്ധതികള്‍
>> മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്ന്- മൊഗര്‍ മസ്ജിദ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനായി 2.23 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. തകര്‍ന്ന ബി.ടി, കോണ്‍ക്രീറ്റ് റോഡുകള്‍ക്ക് പകരം അഞ്ച് മീറ്റര്‍ വീതിയില്‍ സിംഗിള്‍ ലെയ്ന്‍ കാരിയേജ് വേ നിര്‍മിക്കും. പഞ്ചായത്തിലെ തന്നെ ചൗക്കി- കുന്നില്‍-മജല്‍- ഉജിര്‍ക്കര റോഡിന്റെ ബാലന്‍സ് പോര്‍ഷന്‍ മെച്ചപ്പെടുത്തുന്നതിനായി 1.93 കോടി രൂപയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചു. 1.400 കിലോ മീറ്റര്‍ നീളവും ശരാശരി 5.50 മീറ്റര്‍ വീതിയുമുള്ള ഈ റോഡിന്റെ വികസനം വിനോദസഞ്ചാരം, ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാക്കും.
>> മഞ്ചേശ്വരം മണ്ഡലത്തിലെ ഗേറുകട്ട- വോര്‍ക്കാടി റോഡില്‍ ബി.എം.ബി.എസി പ്രവൃത്തിയായി രണ്ടു കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. മതിയായ നടപ്പാതയും ഡ്രൈനേജ് സംവിധാനവും ഇല്ലാത്തതിനാല്‍ മഴക്കാലത്ത് യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും അപകടസാധ്യതയും കുറയ്ക്കുന്നതിനും റോഡിന്റെ ഗതാഗത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
>> ബോവിക്കാനം- ബേവിഞ്ചെ റോഡ് അഭിവൃദ്ധിപ്പെടുത്തലും പാര്‍ശ്വ സംരക്ഷണ പ്രവൃത്തികള്‍ക്കുമായി 4.50 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായി. റോഡിന്റെ അഞ്ച് കിലോമീറ്റര്‍ നീളമുള്ള റോഡിന്റെ വിവിധ ഭാഗങ്ങളിലെ തകര്‍ച്ച, കുഴികള്‍, അപര്യാപ്തമായ നടപ്പാത, ഡ്രൈനേജ് സംവിധാനത്തിന്റെ അഭാവം എന്നിവ പരിഹരിച്ച് റോഡിന്റെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
>> നീലേശ്വരം ബ്ലോക്ക് ഓഫീസ്- പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ്- കൂക്കോട് കയ്യൂര്‍ സ്മാരകം റോഡ് ബി.എം ആന്റ് ബി.സി നിലവാരത്തില്‍ മെച്ചപ്പെടുത്തുന്നതിനായി മൂന്നു കോടി രൂപയുടെ പദ്ധതിക്ക്് അംഗീകാരം ലഭിച്ചു. കയ്യൂര്‍ കയാക്കിംഗ് പാര്‍ക്കും പാലായി ഷട്ടര്‍ കം ബ്രിഡ്ജും സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്.
>> കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കുഞ്ഞിപ്പാറ- മുക്കട റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനായി 3.80 കോടി രൂപയുടെ പദ്ധതിക്ക്് അംഗീകാരം ലഭിച്ചു. 1.900 കിലോ മീറ്റര്‍ നീളമുള്ള റോഡ് കാലിച്ചാമരം-പുലിയന്നൂര്‍ സ്‌കൂള്‍ റോഡിനെയും മുക്കട പി.ഡബ്യു.ഡി റോഡിനെയും ബന്ധിപ്പിക്കും.
>> അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ ചിത്താരി- ചാലിങ്കല്‍ ജില്ലാ പഞ്ചായത്ത് റോഡില്‍ മക്കാഡം ടാറിംഗ് നടത്തുന്നതിനായി 4.3 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായി. കാഞ്ഞങ്ങാട്- കാസര്‍കോട്് തീരദേശ സംസ്ഥാന പാതയെയും എന്‍.എച്ച് 66 നെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നാണിത്. റോഡിന്റെ ബി.എം ആന്റ് ബി.സി പ്രവൃത്തി ഉള്‍പ്പെട്ട പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് വിഹിതമുള്‍പ്പെടെ ആകെ അടങ്കല്‍ തുക 4.3 കോടി രൂപയാണ്.

Post a Comment
0 Comments