Type Here to Get Search Results !

Bottom Ad

ആധുനീകവല്‍ക്കരിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍; മഞ്ചേശ്വരം ഹാര്‍ബറില്‍ വരുന്നത് 57.84കോടിയുടെ പദ്ധതി


ഉപ്പള: നീണ്ട പത്തുവര്‍ഷത്തെ വികസന മുരടിപ്പിന് വിരാമം. മഞ്ചേശ്വരത്തിന്റെ മത്സ്യബന്ധന വികസനത്തിന് വലിയമാറ്റം ലക്ഷ്യമിട്ട് യു.ഡി.എഫ് സര്‍ക്കാര്‍ മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തിന്റെ ആധുനീകവല്‍ക്കരണത്തിനായി പദ്ധതി തയാറാക്കുന്നു. മണ്ഡലത്തിലെ മത്സ്യബന്ധന മേഖലയുടെ പ്രധാന ആശ്രയമായ മഞ്ചേശ്വരം ഫിഷിംഗ് ഹാര്‍ബറിന് നീണ്ട 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സര്‍ക്കാരിന്റെ പരിഗണന ലഭിച്ചതായും ഹാര്‍ബറിന്റെ സമഗ്ര നവീകരണത്തിനായി നബാര്‍ഡ് പദ്ധതിയിലുള്‍പ്പെടുത്തി 57.84 കോടി രൂപ അനുവദിച്ചതായും എ.കെ.എം. അഷ്‌റഫ് എം.എല്‍.എ അറിയിച്ചു.

കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് മഞ്ചേശ്വരം ഫിഷിംഗ് ഹാര്‍ബര്‍ അനുവദിക്കുന്നതും ആവശ്യമായ ഫണ്ട് വകയിരുത്തി നിര്‍മാണം ആരംഭിച്ചതും. എന്നാല്‍ അതിനു ശേഷമുള്ള കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ ഹാര്‍ബറിന്റെ തുടര്‍ന്നുള്ള സംരക്ഷണത്തിനോ വികസനത്തിനോ ആവശ്യമായ ഫണ്ട് ലഭ്യമാകാതിരുന്നത് വലിയ തിരിച്ചടിയാവുകയായിരുന്നു. വകുപ്പ് മന്ത്രി സന്ദര്‍ശന പ്രഹസനം നടത്തിപ്പോയതല്ലാതെ പൂര്‍ണമായി അവഗണിക്കുകയായിരുന്നു.

വര്‍ഷങ്ങളായി ഹാര്‍ബറില്‍ ഡ്രഡ്ജിങ് നടക്കാത്തതിനെ തുടര്‍ന്ന് മണലടിയുന്നത് പതിവായിരുന്നു. ഇതുമൂലം മത്സ്യബന്ധന ബോട്ടുകള്‍ മറിയുന്നതും ബോട്ടുകള്‍ക്ക് കൃത്യമായി കരയ്ക്കടുപ്പിക്കാന്‍ സാധിക്കാത്തതും പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. കൂടാതെ കടലാക്രമണം തടയുന്നതിനും ഹാര്‍ബറിന്റെ സംരക്ഷണത്തിനുമായി ആവശ്യമായ ടെട്രോപോഡ് സംവിധാനങ്ങള്‍ ഇല്ലാത്തതും, ഹാര്‍ബറിലേക്ക് പോകുന്ന റോഡിന്റെ ശോചനീയാവസ്ഥയും മേഖലയുടെ വികസനത്തിന് തടസമായിരുന്നു.

വിഷയങ്ങളുന്നയിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും നിയമസഭയിലും മന്ത്രിമാര്‍ക്ക് മുന്നിലും പലവട്ടം എം.എല്‍.എ നേരിട്ട് നിവേദനങ്ങള്‍ നല്‍കുകയും അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ നിയമസഭയുടെ ശ്രദ്ധയിലും മുഖ്യമന്ത്രിയുടെയും ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ അബ്ദുല്‍ ഗഫൂറിന്റെയും ശ്രദ്ധയിലും ഹാര്‍ബറിന്റെ ശോചനീയാവസ്ഥ നേരിട്ട് ബോധ്യപ്പെടുത്തുകയായിരുന്നു. സര്‍ക്കാരിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് പദ്ധതിക്ക് മുന്‍ഗണന നല്‍കാനും നബാര്‍ഡ് ഫണ്ട് വേഗത്തില്‍ ലഭ്യമാക്കാനും സാധിച്ചത്. പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ മഞ്ചേശ്വരം ഹാര്‍ബറില്‍ നിലനില്‍ക്കുന്ന പ്രധാന പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരമാകും. അനുവദിച്ച പദ്ധതികള്‍ എത്രയും വേഗത്തില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സമയബന്ധിതമായി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad