സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലം വരെയും വ്യാപിപ്പിക്കാൻ സർക്കാർ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ വിദ്യാർഥികൾക്കുള്ള ഓണം സ്പെഷ്യൽ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പി.എം. പോഷൺ പദ്ധതിയുടെ ഭാഗമായി ഒമ്പത് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും ഉച്ചഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിന്റെ അഭിപ്രായം തേടിയിരുന്നു. കഴിഞ്ഞ മാസം ഡൽഹിയിൽ ചേർന്ന യോഗത്തിൽ കേരളം ഇതിന് സമ്മതം അറിയിച്ചതായും മന്ത്രി പറഞ്ഞു.
ഭക്ഷണം പൗരന്റെ അടിസ്ഥാന അവകാശമാണെന്നും ക്ഷേമരാഷ്ട്രത്തിൽ അത് സംരക്ഷിക്കപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവർക്കും സമൃദ്ധമായ ഓണം ഉറപ്പാക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ ആഘോഷിക്കാൻ സാഹചര്യമൊരുക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക് ഓണപ്പരീക്ഷയിൽ മികച്ച വിജയം ആശംസിക്കുകയും ചെയ്തു.
പൊതുവിദ്യാലയങ്ങളിലെ 23.5 ലക്ഷത്തോളം വിദ്യാർഥികൾക്ക് നാല് കിലോ വീതം സൗജന്യ അരി വിതരണം ചെയ്യുന്നതിലൂടെ അത്രയും കുടുംബങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ചടങ്ങിലെ വിശിഷ്ടാതിഥിയായ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സപ്ലൈകോ വഴിയാണ് 905 മെട്രിക് ടൺ അരി വിദ്യാർഥികൾക്കായി വിതരണം ചെയ്യുന്നത്.

Post a Comment
0 Comments