Type Here to Get Search Results !

Bottom Ad

എസ്.എം.എഫ് ഗോള്‍ഡന്‍ ജൂബിലി സ്വാഗതസംഘം ഓഫീസ് സമസ്ത കാര്യാലയത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു


കോഴിക്കോട്: സുന്നി മഹല്ല് ഫെഡറേഷന്‍ ഗോള്‍ഡന്‍ ജൂബിലി സമാപന മഹാസമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചു. 2027 ജനുവരി 8, 9, 10 തീയതികളിലായി കോഴിക്കോട് കടപ്പുറത്ത് ശംസുല്‍ ഉലമാ നഗറില്‍ നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി സമാപന മഹാസമ്മേളനത്തിന്റെ സംഘാടക പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ ഔപചാരിക തുടക്കമായി.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ച് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.

എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി സ്വാഗതം പറഞ്ഞു. 2026 ഏപ്രില്‍ 26-ന് ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിച്ച എസ്.എം.എഫ് ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം മഹല്ല് ശാക്തീകരണം ലക്ഷ്യമാക്കി ചരിത്ര കോണ്‍ഫറന്‍സുകള്‍, സാമൂഹിക സേവന പദ്ധതികള്‍, മഹല്ല് വികസന പ്രവര്‍ത്തനങ്ങള്‍, സംഘടനാ ശാക്തീകരണ പരിപാടികള്‍ എന്നിവ വിജയകരമായി മുന്നേറുകയാണെന്നും, സമാപന മഹാസമ്മേളനം ഈ പ്രവര്‍ത്തനങ്ങളുടെ മഹത്തായ സംഗമമാകുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും എസ്.എം.എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.ടി. ഹംസ മുസ്ലിയാര്‍ വയനാട്, സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, എസ്.എം.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, സി.ഇ.ഒ ബഷീര്‍ കല്ലേപ്പാടം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രൊഫ. തോന്നക്കല്‍ ജമാല്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര്‍.വി. കുട്ടി ഹസന്‍ ദാരിമി, ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ഫൈസി മലയമ്മ, വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍ സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ ഹംസ ഹാജി മൂന്നിയൂര്‍, എം.എ.എച്ച്. മഹ്മൂദ് ഹാജി ചെങ്കള, കെ.പി. കോയ ഹാജി, ആര്‍.വി.എ. സലാം, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഇ.എ. നിസാര്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറി ടി.വി. അഹമ്മദ് ദാരിമി, ഇ.എം. ബഷീര്‍, പി.വി. മൂസ പാനൂര്‍, മീഡിയ സമിതിയംഗം ആര്‍.വി. അബൂബക്കര്‍ യമാനി, എസ്.എം.എഫ് ചീഫ് ഓര്‍ഗനൈസര്‍ എ.കെ. ആലിപ്പറമ്പ്, മലപ്പുറം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇസ്മായില്‍ ഹുദവി, ഓര്‍ഗനൈസര്‍മാരായ സാദിഖ് ഹുദവി, സഹീര്‍ ഹുദവി സംസാരിച്ചു. ഗോള്‍ഡന്‍ ജൂബിലി സമാപന മഹാസമ്മേളനത്തിന്റെ വിജയത്തിനായി സംസ്ഥാനത്തും ജില്ലകളിലും വിവിധ ഉപസമിതികള്‍ രൂപീകരിച്ച് വിപുലമായ ജനപങ്കാളിത്തത്തോടെ സ്വാഗതസംഘ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ ശക്തമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad