നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ അടിമുടി പരിഷ്‌കരണത്തിനും തിരുത്തല്‍ നടപടികള്‍ക്കുമൊരുങ്ങി സിപിഎം. വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റിലും നേതൃതലത്തിലും മാറ്റങ്ങളുണ്ടായേക്കുമെന്ന് സൂചന. തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ അടിയന്തരമായി പരിഷ്‌കരണങ്ങള്‍ നടപ്പാക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങളിലും പുനരാലോചന വേണമെന്ന വികാരവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവരുന്നുണ്ട്.
സെപ്റ്റംബര്‍ 13 മുതല്‍ 15 വരെ കോഴിക്കോടാണ് വിശാല സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമേ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍, വര്‍ഗ്ഗ-ബഹുജന സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരും ഈ യോഗത്തില്‍ പങ്കെടുക്കും. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളടങ്ങിയ കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് സജീവമായി പ്രവര്‍ത്തിക്കാനും പാര്‍ട്ടി നിലപാടുകള്‍ വ്യക്തമായി വിശദീകരിക്കാനും കഴിയുന്ന നേതാക്കളെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവരാനാണ് ആലോചന. ഇത് കൂടാതെ, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തും മാറ്റമുണ്ടായേക്കും. സര്‍ക്കാരുമായും പ്രതിപക്ഷവുമായും കൂടുതല്‍ ശക്തമായി ഇടപെടാന്‍ കഴിയുന്ന പി.രാജീവിനെപ്പോലുള്ള നേതാക്കളെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെ കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കുന്നുണ്ട്.

Post a Comment
0 Comments